Sunday, February 7, 2016

അച്ഛന്‍

പെരുമഴയത്ത് അച്ഛന്‍ ഒറ്റയ്ക്ക്
നടന്നു പോകുകയാണ്.
മഴവെള്ളം കെട്ടിയ ഇടങ്ങളിലൂടെ
അച്ഛന്‍ നടക്കുമ്പോള്‍ ഞാന്‍, പതുക്കെ
പതുക്കെ എന്നുപറയുന്നുണ്ടായിരുന്നു.
പക്ഷെ അച്ഛനൊന്ന് വീണു.ദേഹത്ത്
കുറച്ചു ചളി പറ്റി.ഞാന്‍ ഉച്ചത്തില്‍
വിളിക്കുകയാണ്‌ ...അച്ഛാ അച്ഛാ ...
എന്റെ വിളികള്‍ ശൂന്യതയില്‍ പടരുന്നു.

ആരോ ഒരാള്‍ എന്നെ ഉപദ്രവിക്കാന്‍ വരികയാണ്.
ഞാന്‍ പേടികൊണ്ടു വിറയ്ക്കുന്നു.
അയാളില്‍ നിന്നും രക്ഷപെടുവാനായി ഞാന്‍
ഓടുകയാണ്.ഓടിയോടി ഒടുവില്‍ വീട്ടില്‍
എത്തുകയാണ് അപ്പോള്‍ അച്ഛനവിടെ ഉണ്ടായിരുന്നു.
അതുകൊണ്ട് തന്നെ എന്റെ പേടി മാറിയിരുന്നു..
അച്ഛനുണ്ടല്ലോ...

ഒരേ ദിവസം കണ്ട സ്വപ്നങ്ങളെക്കുറിച്ച്
ഞങ്ങള്‍ സംസാരിക്കുമ്പോള്‍ അമ്മ ഒന്നും പറഞ്ഞതേയില്ല.
ദൂരത്തേക്ക് കണ്ണും നട്ടിരിക്കുന്ന അമ്മ,
ഞങ്ങള്‍ക്ക് മുഖം തരാതെ
"മഴ ചാറുന്നുണ്ട് ഉണങ്ങാനിട്ട തുണികള്‍ എടുത്തുവയ്ക്കട്ടെ"
എന്നുപറഞ്ഞു കൊണ്ട് ഞങ്ങള്‍ക്കരികില്‍ നിന്നും എഴുന്നേറ്റ് പോയി
.ഒരു പെരുംമഴ പെയ്തു.

Wednesday, January 20, 2016

ചെന്നായ

ചെന്നായയ്ക്ക് ദാഹം തോന്നി .ശരീരം തളര്‍ന്നു കിടപ്പിലായ അമ്മ കൈകള്‍ കൊണ്ട് വെള്ളത്തിനായി കൈകള്‍ നീട്ടി .ചെന്നായ അത് ശ്രദ്ധിക്കാന്‍ കൂട്ടാക്കിയില്ല .

ആദ്യം തന്റെ ദാഹം പിന്നെ അമ്മ .അവനോര്‍ത്തു .

ദാഹം ശമിപ്പിക്കാന്‍ അവന്‍ ഇരുണ്ട തെരുവിലോക്കോടി .

ഒരു ഇളം മാന്‍ .

കിതപ്പ്...ദാഹം.....

ഒരൊറ്റ ചാട്ടത്തില്‍ തന്നെ കീഴ്പ്പെടുത്തി .ജീവിതത്തിനു വേണ്ടി പിടഞ്ഞു ഇര...വേട്ടക്കാരന് കീഴ്പ്പെടുത്താനുള്ള വ്യഗ്രത മാത്രം .

പിടച്ചിലുകള്‍!! രോദനങ്ങള്‍ .!! ഒടുവില്‍ .........

കടിച്ചു കീറി.രക്തം തുള്ളികളായി തെരുവില്‍ വീണു .ദാഹം ശമിക്കപ്പെട്ടു .കടിച്ചു കീറപ്പെട്ട ഇര വേച്ചു വേച്ച് വേശ്യാ തെരുവില്‍ എത്തപ്പെട്ടു .വേട്ടക്കാരന്‍ സ്ത്രീസംരക്ഷണത്തെക്കുറിച്ച് പ്രഭാഷണം നടത്തുവാന്‍ സാംസ്കാരിക സംഘടനയുടെ വേദിയിലേക്ക് ചെന്നു.രാത്രി പാതി കഴിഞ്ഞു പോയി .പ്രഭാഷണം കഴിഞ്ഞു വീട്ടിലെത്തി ..

അമ്മ കിടക്കുന്നു .വെള്ളം കിട്ടാതെ ദാഹിച്ച് ദാഹിച്ച്....

ചെന്നായയ്ക്ക് കണ്ണില്‍ ഇരുട്ട് കയറുന്നതുപോലെ തോന്നി ...

അമ്മയ്ക്ക് വേണ്ടി ആരോക്കൊയോ മൂവാണ്ടന്‍ മാവ് മുറിക്കുവാന്‍ ചെന്നു..

ആ മാവിന്റെ കൊമ്പില്‍ തൂങ്ങിയാടുന്നു ..ചെന്നായ...

സൂക്ഷിച്ചു നോക്കൂ...ചെന്നായ മനുഷ്യനായി കഴിഞ്ഞു ..Tuesday, June 9, 2015

ജൂണ്‍ എട്ട്

 
അമ്മമ്മയെക്കുറിച്ചുള്ള ഓര്‍മ്മകള്‍ അമ്മ പങ്കുവെയ്ക്കുമ്പോള്‍ എന്റെയുള്ളില്‍ ഒരു ചിറകടി ശബ്ദമുയരും.ഒരു പക്ഷി നിണമണിഞ്ഞ ഭൂമിയില്‍ നിന്നും കുതറി ചിറകുകള്‍ ആഞ്ഞു വീശി മുകളിലേക്ക് പറന്നു പോകുന്നു .രണ്ടു വയസ്സുകാരന്റെ ഓര്‍മ്മയുടെ കൊട്ടകയില്‍ നിറക്കപെടാത്തവ അമ്മയുടെ വാക്കുകളിലെ നൊമ്പരങ്ങളില്‍ വന്നു നിറയും .
എനിക്ക് എന്നെ ഓര്‍മ്മയുണ്ടാകാറില്ല .
ഞാന്‍ അമ്മമ്മയെ കാണാറുണ്ട് .എവിടെ വച്ചാണ് ? 
ചോദ്യങ്ങള്‍ ബാക്കി വെയ്ക്കാനെ നിവൃത്തിയുള്ളൂ...

ഇന്നാണ് അമ്മമ്മ ഉടല്‍ പിരിഞ്ഞ് പറന്നു പോയത് .

ഈയടുത്ത് ഞാന്‍ അമ്മയോട് ചോദിക്കുകയുണ്ടായി എന്നാണു അമ്മമ്മയുടെ ഓര്‍മ്മ ദിവസമെന്ന് 

ഒരൊറ്റ ചോദ്യത്തില്‍ ആ ദിവസത്തെ അമ്മ ഓര്‍ത്തുകാണണം .!!

“.വീട്ടില്‍ കൊണ്ടുവന്നത് എട്ടാം തീയ്യതിയാണ് ”

ചിലപ്പോള്‍ രണ്ടു ദിവസം മുന്‍പേ മരണം ആത്മാവിനെ കട്ടെടുത്തു പോയിട്ടുണ്ടാകാം .

എന്റെ മനസ്സില്‍ നിസ്സഹായരായ മനുഷ്യരുടെ മുഖങ്ങള്‍ തെളിഞ്ഞു.

ജീപ്പ് അപകടം ആയിരുന്നു .

എപ്പോഴായിരിക്കണം ഞാന്‍ ആദ്യമായി ആ വാര്‍ത്ത കേട്ടത് ?

ആദ്യമായി എപ്പോഴായിരിക്കണം അമ്മമ്മയെക്കുറിച്ച് ഞാന്‍ ചോദിച്ചിട്ടുണ്ടാകുക .?

എന്റെ ഓര്‍മ്മകള്‍ ശരിയായ വഴിയിലൂടെയാണ് സഞ്ചരിച്ചുകൊണ്ടിരിക്കുന്നതെങ്കില്‍ കഴിഞ്ഞ ഇരുപത്തിയാറു വര്‍ഷങ്ങള്‍ക്കുള്ളില്‍ ആനേകം തവണ അമ്മമ്മയുടെ നിശ്ചല ശരീരവും വഹിച്ചു കൊണ്ടു വരുന്ന ആംബുലന്‍സിനെ ഞാന്‍ കണ്ടുകാണും .

അമ്മമ്മയുടെ കൂടെ അന്ന് മറ്റൊരു സ്ത്രീ കൂടി .............................

എനിക്കവരുടെ പേര് ഓര്‍ത്തെടുക്കുവാന്‍ കഴിയാറില്ല .എന്റെ കണ്ണില്‍ മുഴുവന്‍ അമ്മമ്മയുടെ മുഖമായിരിക്കും കഥകള്‍ കേള്‍ക്കുമ്പോള്‍ ...

ഈയടുത്ത് അവിചാരിതമായി ഒരു സുഹൃത്തിന്റെ വീട്ടില്‍ വച്ച് ഒരാളെ പരിചയപെടുകയുണ്ടായി.പരിചയപ്പെടുന്നതിനും മുന്‍പേ ഒരുപാട് സംസാരിച്ചു.ഒടുവിലാണ് പേരും നാടുമൊക്കെ ചോദിക്കാന്‍ തുനിഞ്ഞത്.

‘സന്ദീപ്‌’

സംസാരത്തിനിടയില്‍ അകന്ന ബന്ധമേന്തോ മനസ്സില്‍ തോന്നിയപ്പോള്‍ വിശദമായി സംസാരിച്ചുകൊണ്ടിരുന്നു .ബന്ധങ്ങള്‍ സംസാരിച്ചുകൊണ്ടിരിക്കുന്നതിനിടയില്‍ ഞാന്‍ പറയുകയുണ്ടായി .

“എന്റെ അമ്മമ്മ മരിച്ചയന്ന് ആ വീട്ടിലെ ഒരാള്‍കൂടി ..അവരുടെ ? “

മറുപടി പെട്ടെന്നായിരുന്നു 

“എന്റെ അമ്മയാണ്”

വാചാലമായിരുന്ന എന്റെ സംസാരങ്ങള്‍ പൊടുന്നേനെ നിലച്ചു .അമ്മയുടെ സംസാരങ്ങളുടെ കഥയോര്‍മ്മകളിലൂടെ കാറ്റിന്റെ വേഗത്തില്‍ ഞാന്‍ പാഞ്ഞുപോയി .വാക്കുകള്‍ മുറിഞ്ഞു.സന്ദീപ്‌ ഒന്നും പറഞ്ഞില്ല.

തടിച്ച കണ്ണടകള്‍ക്കുള്ളിലെ സന്ദീപിന്റെ കണ്ണിനെ ഞാന്‍ ഒരിക്കല്‍ നോക്കുകയുണ്ടായി.എന്റെ എതിര്‍വശത്തെ ജനല്‍കാഴ്ചകളെ മാത്രമാണ് എനിക്ക് കാണുവാന്‍ കഴിഞ്ഞത് .
ഞാന്‍ ചോദിക്കുകയുണ്ടായി .

“ഞാന്‍ പെട്ടെന്ന്‍ അങ്ങനെ ചോദിച്ചത് വിഷമമുണ്ടാക്കിയോ ? “

അവന്‍ ഒന്ന് പുഞ്ചിരിച്ചു .

“ഹേയ് ഇല്ല എനിക്ക് ഒരു വയസ്സ് ആയതേ ഉണ്ടായിരുന്നുള്ളൂ .”

എനിക്ക് പിന്നീടൊന്നും പറയുവാന്‍ ഉണ്ടായിരുന്നില്ല.അവനും 

ഞങ്ങള്‍ സുഹൃത്തിന്റെ വീട്ടില്‍ നിന്നും ഒരുമിച്ചു പുറത്തിറങ്ങി.

ഞാന്‍ അവനു പോകേണ്ട സ്ഥലത്തെക്കുറിച്ച് മാത്രം ഇടയിക്ക്ടെ ചോദിച്ചുകൊണ്ടിരുന്നു .എനിക്ക് വഴി തെറ്റികൊണ്ടേയിരുന്നു .സന്ദീപ്‌ ഫെസ്ബുക്കില്‍ ഫ്രെണ്ട് റിക്വെസ്റ്റ് അയക്കാന്‍ എന്നെ തിരയുകയായിരുന്നു അപ്പോള്‍ .

എന്റെ ഉള്ളില്‍ ദുഃഖം ഉറഞ്ഞുകൂടി.

“ഇടയ്ക്ക് എപ്പോഴെങ്കിലും വിളിക്കണം “

സന്ദീപ്‌ ഇറങ്ങുമ്പോള്‍ ഞാന്‍ പറഞ്ഞു .

“ഉറപ്പായിട്ടും”  എനിക്ക് മറുപടി കിട്ടി .

സന്ദീപിനെ ഇറക്കി ഞാന്‍ വണ്ടിയുമായി കുറച്ചു മുന്നോട്ട് പോയ ശേഷം റോഡിനു  അരികിലായി നിര്‍ത്തി .മുഖം കഴുകി യാത്ര തുടര്‍ന്നു.റേഡിയോയില്‍ പാട്ടുകള്‍ ഉണ്ടായിരുന്നു .ഞാന്‍ ഓഫ്‌ ചെയ്തു

Sunday, February 8, 2015

പ്രണയ മന്ദാരം ...

സിമന്റ് തേയ്ക്കാത്ത ക്ലാസ് റൂമിന്റെ ജാലകത്തിന്റെ വിടവിലൂടെ നോക്കിയാല്‍ തളിര്‍ത്തു നില്‍ക്കുന്ന മഞ്ഞ മന്ദാരത്തെ കാണാം .കാടുപിടിച്ച് കിടക്കുന്ന പറമ്പിനുമപ്പുറത്താണ് റോഡ്‌ .നീണ്ടു കിടക്കുന്ന റോഡിലേക്ക് ക്ലാസ് റൂമിന്റെ ജാലകത്തിലൂടെ കാണുന്ന പച്ചപ്പുകള്‍ ചവിട്ടി മെതിച്ച് ഓടിപോകുകയെന്നത് മടുക്കാത്തൊരു പ്രക്രിയയാണ് ഞങ്ങള്‍ക്ക് .
ക്ലാസ്സുകള്‍ പാതിവഴിയില്‍ നിര്‍ത്തി ഗുരുക്കന്മാരുടെ കണ്ണ് വെട്ടിച്ചു “കുരുത്തകേട് “ കാണിക്കുക രസമുള്ള ശീലമാണ് അവന് .എനിക്ക് പേടിയായിരുന്നു ഇടയ്ക്കൊക്കെ കള്ളങ്ങള്‍ ചെയ്തുകൊണ്ടേയിരിക്കുമ്പോള്‍ പിടിക്കപെടില്ലായെന്ന ബോധം ഞരമ്പുകളിലൂടെ ഒഴുകി നടക്കുമ്പോള്‍ ഒരിക്കലും പേടിയുണ്ടാകില്ല .ഓരോ ഓട്ടത്തിലും പേടി മാറികൊണ്ട് വന്നു .അന്ന് എനിക്കൊരു പ്രണയമുണ്ടായിരുന്നു .അവന്‍ പ്രണയിക്കാന്‍ താല്പര്യമില്ലാത്തവന്‍ .
ഞാന്‍ പ്രണയത്തിനു വേണ്ടി ജീവിച്ചു മരിക്കാന്‍ ജനിച്ചവന്‍.അവളുടെ കണ്ണുകളിലേക്ക് നോക്കിയിരിക്കാന്‍ വേണ്ടിയാണ് ഞാന്‍ അന്നവിടെ പോയിരുന്നത് .ബസ്സുകളില്‍ ,നിരത്തുകളില്‍ ,ക്ലാസ് മുറിയില്‍ നിരന്തരം എന്റെ കണ്ണുകള്‍ അവളെയും അവളുടെ കണ്ണുകള്‍ എന്നെയും നോക്കികൊണ്ടിരിന്നു .
എന്റെ കണ്ണുകള്‍ പെണ്‍കുട്ടികളുടെ ബഞ്ചിലേക്ക് നീണ്ടു പോകുന്നത് കാലങ്ങള്‍ക്ക് ശേഷമാണ് അവനറിഞ്ഞത് .പക്ഷെ എങ്കിലും ഞാന്‍ എന്റെ പ്രണയത്തെ പ്രണയിനിയോട് വെളിപ്പെടുത്തുന്നതിനു മുന്‍പേ അവനോടു പറയുകയുണ്ടായി .
ഏതാണ് കുട്ടി ? അവന്‍ ചോദ്യങ്ങള്‍ തുടങ്ങി
സേതു രാമയ്യര്‍ സി ബി ഐ സിനിമ ഞങ്ങള്‍ ഒരുമിചിരുന്നാണ് കണ്ടത് .
ആഹ! അപ്പൊ എന്റെ നോട്ടങ്ങള്‍ നീളുന്നത് അറിയുന്നെ ഇല്ല .
“പറയില്ല .വേണേല്‍ കണ്ടു പിടിച്ചോ “
അവന്‍ കുഞ്ഞുങ്ങളെ പോലെ കെഞ്ചി ഒടുവില്‍ കെറുവിച്ചു .അവനെ വട്ടം കറയ്ക്കുകയെന്ന രസ ചരട് പൊട്ടിക്കാന്‍ ഞാന്‍ തയ്യാറായില്ല .ഒടുവില്‍ ചോദിച്ചു ചോദിച്ചു തളര്‍ന്നു തളര്‍ന്ന് പാവം .
ഒടുവില്‍ ഞാന്‍ ദയ കാട്ടാന്‍ തയ്യാറായി .പേരിന്റെ ആദ്യത്തെ അക്ഷരം പറയാം .അവന്റെ കണ്ണുകളില്‍ തിളക്കം .
“പറ പറ ആളെ ഞാന്‍ കണ്ടുപിടിക്കും .”
“എന്നാല്‍ ഏമാന്‍ കണ്ടുപിടിച്ചാട്ട് “
ഞാന്‍ ആദ്യാക്ഷരം പറഞ്ഞു .അവന്റെ മുഖം ഗ്രീഷ്മത്തിലെ മരങ്ങള്‍ പോലെ വാടികരിഞ്ഞ് .......
“എന്ത് പറ്റിയെടാ “
“അവള്‍ക്ക് നിന്നെ ഇഷ്ടമാണോ “
“പിന്നല്ലാതെ “ ഞാന്‍ ആത്മ വിശ്വാസത്തിന്റെ കൊടുമുടിയില്‍ .
നീ മുഴുവന്‍ പേരും പറ .
ഞാന്‍ മുഴുവന്‍ പേരും പറഞ്ഞു .
അവന്റെ മുഖം തെളിഞ്ഞ സൂര്യനെ പോലെ ..
അവന്‍ അവന്റെ സത്യങ്ങള്‍ എന്നോട് പറയുകയായിരുന്നു .
“അളിയാ ആരോടും പറഞ്ഞേക്കരുത് .നീ പറഞ്ഞ അക്ഷരം തുടങ്ങുന്ന ലതില്റെ ലപ്പുറത്തെ (സലിം കുമാറിന് കടപ്പാട് ) പെണ്ണുമായി ഞാന്‍ ഒരു വര്‍ഷമായി .....
ഞാന്‍ ഒരു കുപ്പി വെള്ളം കുടിച്ചു മിണ്ടാതെയിരുന്നു ..
അവരുടെ പ്രണയത്തിന്റെ മഞ്ഞ മന്ദാരം ചവിട്ടി മെതിക്കപെടാത്ത ഇപ്പോഴും പൂത്തു നില്‍ക്കുകയാണ് .അതങ്ങനെ അനസ്യൂതം തുടരട്ടെ .പ്രാര്‍ത്ഥനയാണ്‌ .എന്റെത് അന്ന് തന്നെ വാടികരിഞ്ഞു പോയിരുന്നു .

Sunday, October 20, 2013

സ്നേഹത്തിന്റെ ചെമ്പക സുഗന്ധം

ഭഗവതിക്കാവിനു മുന്‍പിലെ ചെമ്പക മരത്തിനു ഞാന്‍ കാവലിരിന്നു.പൂരത്തിന് ചെമ്പക പൂക്കള്‍ പറിക്കാന്‍ വരുന്ന മുതിര്‍ന്നവരെയും കുട്ടികളെയും ഞാന്‍ ആട്ടിയോടിച്ചു .പലരും കാമനെ പൂജിക്കാന്‍ ഇടാനുള്ള ചെമ്പക പൂവിനു വേണ്ടി എന്നോട് കെഞ്ചി .മാണിക്യ കല്ല്‌ സൂക്ഷിക്കുന്ന സര്‍പ്പത്തെ പോലെ ഞാന്‍ അവിടെ കാവലിരുന്നു .എല്ലാ പൂരങ്ങള്‍ക്കും കാവില്‍ വേണ്ട പൂക്കള്‍ ആവശ്യത്തിലധികം വന്നിട്ടും ഞാന്‍ ആര്‍ക്കും കൊടുത്തില്ല .സ്വന്തം വീട്ടിലേക്ക് പോലും കൊണ്ടുവന്നില്ല .കാവിലേക്ക് പൂക്കള്‍ പറിക്കാന്‍ ചെമ്പകത്തിനു മുകളില്‍ കയറുമ്പോള്‍ എനിക്ക് തോന്നി ഞാന്‍ ആണ് ഇവിടത്തെ രാജാവെന്ന്.കാവില്‍ ചെമ്പക പൂക്കളമിട്ട് ശങ്ഖു മുഴങ്ങിയാല്‍ മാത്രം ഞാന്‍ വീട്ടില്‍ പോയി .കാവില്‍ പൂക്കളം ഇട്ടുകഴിഞ്ഞാല്‍ പിന്നെ ആരും പൂപറിക്കാന്‍ ശ്രമിക്കില്ല.വര്‍ഷങ്ങളായി ഇത് തുടര്‍ന്നു.ഒരു പൂരത്തിന് ചെമ്പക പൂക്കളുടെ കാവല്‍ക്കാരന് ചുട്ടു പൊള്ളുന്ന പനി.
“ചെക്കന് ചിക്കെന്‍ പോക്സ് ആണ് “
ആരോടോ അമ്മ പറയുന്നത് ഞാന്‍ കേട്ടൂ .
തടവറയില്‍ എന്ന പോലെ ഒരു റൂമില്‍ ഞാന്‍ , ജനലുകളുടെ വിടവിലൂടെ  പ്രകാശം കണ്ണിലേക്ക് തട്ടുമ്പോള്‍  വേദന കൊണ്ട് ഞാന്‍ പുളഞ്ഞു .
ചെമ്പകപൂക്കള്‍ കാണാന്‍ എനിക്ക് കൊതി . കാവിലെ പൂക്കള്‍ ഇപ്പോള്‍ പലരും കൊണ്ടുപോകുന്നുണ്ടാകും ഞാന്‍ ആശങ്കപെട്ടു. എനിക്ക് കരച്ചില്‍ വന്നു .ഞാന്‍ വര്‍ഷാവര്‍ഷം കാത്തു സൂക്ഷിക്കുന്ന എന്റെ നിധി .അത് അന്യര്‍ പറിച്ചു കൊണ്ട് പോകുന്നു .ഞാന്‍ കഷ്ടപെട്ട് എഴുന്നേല്‍ക്കാന്‍ ശ്രമിച്ചു .
“എഴുന്നെല്‍ക്കണ്ട ഞാന്‍ പൂ കൊണ്ടന്നിട്ടുണ്ട്”
എന്നെക്കാള്‍ രണ്ടു വര്‍ഷം  മുന്‍പേ  എന്റെ അമ്മ പെറ്റവള്‍ ഞാന്‍ കിടക്കുന്ന മുറിയിലേക്ക് ചെമ്പക പൂക്കള്‍ നിറച്ച പൂക്കുടയുമായി കടന്നു വന്നു .
അവള്‍ പറഞ്ഞു
“അവിടെ കാവിലെ ചെമ്പകം എല്ലാവരും കൊമ്പ് അടക്കം പൊട്ടിച്ച് കൊണ്ടോയി “
കുറച്ചു നേരം എനിക്കൊന്നും മിണ്ടാന്‍ പറ്റിയില്ല .
എനിക്ക് കഴിക്കാനായി എന്റെ അടുത്ത് വച്ചിരിക്കുന്ന പാലും ബിസ്കറ്റും അവള് കൊതിയോടെ എടുത്തു തിന്നു. എനിക്ക് ചിരി വന്നു . (ഭയങ്കരി, രോഗിയായ അനിയന്റെ പാലും ബിസ്ക്കറ്റും ഒരു ദാക്ഷിണ്യവും ഇല്ലാതെ കൂളായി കാച്ചുന്നു)
ഞാന്‍ പറഞ്ഞു .
“എടി പോത്തെ നീ ഇവിടെ വന്നത് കൊണ്ട് നിനക്ക് പനി പകരും .അമ്മ കാണണ്ട”
“എനിക്ക് പകരില്ല”
അവള്‍ ഉറച്ച ശബ്ദത്തോടെ പറഞ്ഞു .( പിന്നീട് അവള്‍ക്ക് എന്റെ പനിപകര്‍ന്നില്ല .അതൊരു സത്യമാണ്)
“നീയെന്തിനാണ്‌ പൂപറിച്ചത്” ഞാന്‍ ചോദിച്ചു .
ബിസ്കറ്റും പാലും തട്ടിവിടുന്നതിനിടയില്‍ അവള്‍ മുക്കിമൂളി മറുപടി പറഞ്ഞു .
“എല്ലാരും പൂ പറിക്കുന്നുണ്ട് അതോണ്ട് ഞാനും ... “

എനിക്ക് ദേഷ്യവും സങ്കടവും വന്നു .
“നിന്റെ കയ്യിലുള്ളതും കാവിലെ ചെമ്പകത്തീന്നു പൊട്ടിച്ചതാണോ ? “
“അതെ പൊട്ടി വീണ കൊമ്പില്‍ നിന്നും ഞാന്‍ കുറച്ചു പറിച്ചെടുത്തു.”
അവള്‍ പറഞ്ഞു .
“നീയെന്തിനാണ്‌ എടുക്കാന്‍ പോയത് “
ഞാന്‍ ദെഷ്യപ്പെട്ടു .
അവള്‍ പറഞ്ഞു .
“നിനക്ക് ചെമ്പകം ഇഷ്ടല്ലേ .നിന്നെ കാണിക്കാന്‍ ആണ് ഞാന്‍ കൊണ്ടുവന്നത് അല്ലാതെ, നല്ല മണമാണ് . ഞാന്‍ ആ ചെമ്പകം എടുത്തു മണപ്പിച്ചു നോക്കി .
ഹോ എന്തൊരു സുഗന്ധം .ഞാന്‍ അത്ഭുതപെട്ടു.
ഇത്രയും നാള്‍ ഞാന്‍ ഈ ഗന്ധം തിരിച്ചറിഞ്ഞില്ലല്ലോ .
സൂര്യന്റെ കിരണങ്ങള്‍ എന്റെ ദേഹത്തെ ചുട്ടു പൊള്ളിച്ചു .വിറയ്ക്കുന്ന പനിയിലും ഞാന്‍ കാവിലെ ചെമ്പക ചോട്ടിലേക്ക് നടന്നു പോയി .ഏതോ വികൃതി പിള്ളേര്‍ പൊട്ടിച്ച അതിന്റെ കൊമ്പിലെക്ക് ഞാന്‍ നോക്കി .ചെമ്പകം എന്നെ നോക്കി  കരയുന്നുണ്ടായിരുന്നു .വെളുത്ത കണ്ണീര്‍ തുള്ളികള്‍ അതിന്റെ കണ്ണില്‍ നിന്നും ഇറ്റു വീണു .
ഞാന്‍ ചേച്ചിയോട് പറഞ്ഞു .
“ദെ ചെമ്പകം കരയുന്നു “
അവള്‍ ചിരിച്ചു .എന്നിട്ട് പറഞ്ഞു .
“അത് ചെമ്പകത്തിന്റെ പാല് വരുന്നതാണ് പൊട്ടാ.”
അവള്‍ക്ക് ചിരി .
ഞാന്‍ ഭഗവതിയെ നോക്കി .എനിക്ക് ഭഗവതിയോട് ദേഷ്യം തോന്നി .ഞാന്‍ ഭഗവതിയെ  ഒരുപാട് വഴക്ക് പറഞ്ഞു .
“സ്വന്തം മുറ്റത്തെ ചെമ്പകം മരം സൂക്ഷിക്കാന്‍ വയ്യല്ലോ .ഞാന്‍ പനിച്ചു കിടന്നപ്പോ കണ്ടില്ലേ .എല്ലാരും പൂ പറിച്ചു കൊണ്ടോയത്”
ഭഗവതി ചിരിച്ചു . ഒന്ന് പുഞ്ചിരിച്ചു .
ചേച്ചി ഭഗവതി അപ്പോള്‍ ഭദ്രകാളി രൂപത്തില്‍ ആയിരുന്നു .അവള്‍ ദേഷ്യം കൊണ്ട് വിറച്ചു.
“നെന്നേം കൊണ്ട് ഇബിടെ വന്നെന് അമ്മ അറിഞ്ഞാല്‍ എന്നെ ഇന്ന് കൊല്ലും”
അവള്‍ പിറുപിറുത്തു .
വീട്ടിലേക്ക് വരുമ്പോള്‍ ഞാന്‍ അത്ഭുതതോട് കൂടി ചോദിച്ചു .
“എന്നാലും ആ മണം എവിടന്ന് വന്നു .ഇവടെ ചെമ്പക ചോട്ടില് അതില്ലല്ലോ”
“നീ മിണ്ടാണ്ട് നടക്കുന്നുണ്ടോ” അവളുടെ സ്വരം ഉച്ചത്തിലായി .
*****
ഇരുപത് വര്‍ഷങ്ങള്‍ക്ക് ശേഷം ഒരു പൂരക്കാലം..  ചേച്ചിക്ക് ചിക്കന്‍പോക്സ് .ഭര്‍ത്താവിന്റെ വീട്ടില്‍ ഒരു മുറിയില്‍ അവള്‍ കിടക്കുന്നു . ഞാന്‍ കാണാന്‍ ചെന്നു .
ജനലഴികള്‍ക്കുള്ളിലൂടെ ദൂരെ നിന്നും എന്നെ കണ്ട അവള്‍ വിളിച്ചു പറഞ്ഞു .
“എടാ ഇങ്ങോട്ട് വരണ്ട .പകരും”
വല്യ ബുദ്ധിമാന്‍ എന്ന ഭാവത്തില്‍ ഞാന്‍ അവളോട്‌ മറുപടി പറഞ്ഞു .
“ഒരിക്കല്‍ വന്നവര്‍ക്ക് പിന്നെ വരൂല”
എന്റെ മറുപടിയെ അവള്‍ ദൂരേക്ക് അടിച്ചകറ്റി .
“ഇപ്പൊ അങ്ങനെ ഒന്നുമില്ല .ചെലപ്പോ വീണ്ടും വന്നേക്കാം .നിനക്ക് അത്ര വല്യ ആരോഗ്യം ഒന്നുമില്ലല്ലോ”.
അവളുടെ വാക്കുകളെ വില വെക്കാതെ ഞാന്‍ വീട്ടിനുള്ളിലേക്ക് കയറി ചെന്നു .
അവള്‍ സ്നേഹത്തോടെ എന്ന ശാസിച്ചു .
“പോ പിന്നെ വന്നാ മതി .വെര്‍തെ പകരണ്ട”
ശാസനക്കിടയില്‍  ചെമ്പകത്തിന്റെ മണം.
ഞാന്‍ വീട്ടില്‍ നിന്നും ഇറങ്ങി .മുറ്റത്തിന് പുറത്തുള്ള ചെറിയ ചെമ്പക തൈയ്യില്‍ നിന്നും ഒരു പൂ നുള്ളി ഞാന്‍ മണത്തു നോക്കി .അതിനു സുഗന്ധമില്ല .
അവള്‍ പതുക്കെ എന്റെ അടുത്തേക്ക് വന്നു എന്നിട്ട് പറഞ്ഞു .
“നിനക്ക് ചിക്കെന്‍പോക്സ് വന്ന പൂരക്കാലം ഓര്‍മ്മയുണ്ടോ”
ഞാന്‍ പറഞ്ഞു .
“കൊതിച്ചി”
അവള്‍ ചിരിച്ചു .
അപ്പോള്‍ ചെമ്പകത്തിന്റെ മണം അവിടെയാകെ പരന്നു.
എന്റെ കയ്യിലുള്ള പൂവ് ഞാന്‍ ഒന്നുകൂടി മണത്തു .ഞാന്‍ വീണ്ടും വീണ്ടും അത് എടുത്തു മണത്തു നോക്കി .
ഞാന്‍ ചോദിച്ചു .
“ഇത് എങ്ങനെയാ നിന്റെ അടുത്ത് നില്‍ക്കുമ്പോള്‍ ഈ പൂവിനു ഇത്ര സുഗന്ധം”
അവള്‍ ഒന്നും മറുപടി പറഞ്ഞില്ല .ചിരിച്ചു കൊണ്ട് അകത്തേക്ക് കയറിപോയി .
പതുക്കെ വീടിനുള്ളിലേക്ക് കയറിപോകുന്ന അവളെ തന്നെ ഞാന്‍ നോക്കി നിന്നു .
ജനലഴികള്‍ക്കിടയില്‍ നിന്നും അവള്‍ വിളിച്ചു പറഞ്ഞു .
“അന്തം വിട്ടു നോക്കി നില്‍ക്കാണ്ട് വേഗം പോടാ ചെക്കാ ”
ആ ശാസനയില്‍ വീണ്ടും ചെമ്പക സുഗന്ധം .സ്നേഹത്തിന്റെ ചെമ്പക സുഗന്ധം 

Sunday, September 29, 2013

ഹൃദയം ......................തത്ത ......

തെരുവില്‍ ഇരുട്ട് മൂടി .വിളക്കുകള്‍ അണഞ്ഞു .അയാളുടെ മുറിയില്‍ മാത്രം വെളിച്ചം .അയാള്‍ക്ക്  ഉറക്കം വരുന്നില്ല ഇന്നും .ഒരു സിഗരറ്റിനു തീപിടിപ്പിച്ച് മുറിയിലൂടെ അയാള്‍ അങ്ങോട്ടും ഇങ്ങോട്ടും നടക്കുകയാണ് ..അവള്‍ സ്നേഹം കൊണ്ടെന്റെ ഉറക്കം കളയുന്നു .അയാള്‍ ഓര്‍ത്തു .

കൂട്ടിലിട്ട തത്ത അയാളോട് പറഞ്ഞു
"സമാധാനിക്കൂ..
അവളെ മറക്കൂ ..എല്ലാം ശരിയാകും ."

നീണ്ട തന്റെ താടി തടവികൊണ്ട്‌ അയാള്‍ ആലോചനയില്‍ മുഴുകി .

വാതിലില്‍ ആരോ മുട്ടുന്നു .അയാള്‍ തുറക്കാന്‍ ഒരുങ്ങി .
തത്ത കൂട്ടില്‍ കിടന്നു ചിലച്ചു ബഹളമുണ്ടാക്കി .
തുറക്കരുത് ഇത് അവളാണ് .
"അവള്‍ എന്നെ കൊണ്ട് പോകും ."അത് കരഞ്ഞു നിലവിളിച്ചു .
അയാള്‍  നിസ്സഹായനാണ് .
"തുറക്കാതിരിക്കാന്‍ പറ്റില്ല .അവള്‍ എന്നെ വഞ്ചിക്കില്ല നിന്നെ കൊണ്ട് പോകില്ല ."

"നീ എന്നെ സ്നേഹിക്കുന്നുവെങ്കില്‍ തുറക്കരുത് ." തത്ത കേണു

"ഞാന്‍ നിന്നെക്കാള്‍ ഏറെ അവളെ സ്നേഹിക്കുന്നു ."

"ഒരിക്കല്‍ അവള്‍ കൊണ്ട് പോയി കൊല്ലാന്‍ ശ്രമിച്ചതാണ് ഞാന്‍ രക്ഷപെട്ട് പറന്നു വന്നത് നീ ഓര്‍ക്കുന്നില്ലേ .തുറക്കരുത് ."

വാതിലില്‍ മുട്ട് അസഹ്യമായി
 .
"എനിക്ക് തുറന്നെ പറ്റൂ ."

 തത്തയോട് അപേക്ഷാ  ഭാവത്തില്‍ അയാള്‍ കെഞ്ചി .

ഇല്ല തത്ത വിടുന്ന ഭാവമില്ല .

"ഇല്ല ഞാന്‍ തുറക്കും."

തത്തയുടെ വാക്കുള്‍ക്ക് വിലകല്‍പ്പിക്കാതെ അയാള്‍ മുറി തുറന്നു .

നീല കണ്ണുള്ള കാമുകി മുറിയിലേക്ക് കയറി .അവള്‍ അയാളുടെ കട്ടിലില്‍ ഇരുന്നു .

തത്ത ഉച്ചത്തില്‍ വിളിച്ചു പറഞ്ഞു .

"അരുത് അരുത് .അവളെ വിശ്വസിക്കരുത് ."

അയാള്‍ അത് കേട്ടില്ല  .

അവളുടെ നീലകണ്ണുകളും ചുരുണ്ടമുടിയും അയാളെ മത്തു പിടിപ്പിച്ചു .

തിരിച്ചു പോകാന്‍ നേരം അവള്‍ ചോദിച്ചു

"ആ തത്തയെ ഞാന്‍ എടുത്തോട്ടെ .?? "

"വേണ്ട ഒരിക്കല്‍ കൊണ്ടുപോയി നീ കൊല്ലാന്‍ ശ്രമിച്ചതല്ലേ .എടുക്കണ്ട ."

"അവളുടെ മുഖം ചുവന്നു .ഇനി ഒരിക്കലും ഞാന്‍ ഇങ്ങോട്ട് വരില്ല .നിനക്ക് എന്നോട് തീരെ സ്നേഹമില്ല ."

."നീ വരണം .നീയില്ലാതെ എനിക്ക് ജീവിക്കാന്‍ വയ്യ ."

"എങ്കില്‍ എനിക്ക് തത്തയെ തരൂ ഞാന്‍ വരാം ."

അയാള്‍ തത്തയുടെ കൂട് അവള്‍ക്ക് എടുത്തു കൊടുത്തു .

അത് ചിറകിട്ടടിച്ചു .ഉച്ചത്തില്‍ വിളിച്ചു കരഞ്ഞു ,

"അരുതേ അരുതേ എന്നെ ഇവള്‍ക്ക് കൊടുക്കരുതേ ."

അയാള്‍ കേട്ടില്ല

അവള്‍ പുഞ്ചിരിച്ചു...കൂടെ  അയാളും .

അവള്‍ തത്തയെയും കൊണ്ട് പുറത്തേക്കിറങ്ങി .

അവള്‍ അതിനെകൊണ്ട് പോയി .കൂട് തുറന്നു .മൂര്‍ച്ചയെറിയ കത്തികൊണ്ടതിന്റെ ചിറകുകള്‍ അരിയാന്‍ അവള്‍ തുനിഞ്ഞു .

 തത്ത കെഞ്ചി ... "എന്നെ കൊന്നേക്കൂ ."

"ഇല്ല നിന്നെ കൊല്ലില്ല  .നീ ചിറകില്ലാതെ ജീവിക്കണം .നീ വേദനകൊണ്ട് പുളയണം "

.അവള്‍ തത്തയുടെ ചിറകുകള്‍ മുറിച്ചുകളഞ്ഞു .

അതൊന്നു പിടഞ്ഞു .

അവള്‍  ആര്‍ത്തു ചിരിച്ചു കൊണ്ട്  പറഞ്ഞു .
 .
"നീ മരിക്കരുത്‌ .നിന്റെ പിടച്ചില്‍ കണ്ട് എനിക്ക് രസിക്കണം ."

" ഞാന്‍ നിന്നോട് എന്ത് തെറ്റ് ചെയ്തു ."  വേദനക്കിടയില്‍ തത്ത അവളോട്‌ ചോദിച്ചു .

"നീയല്ല നിന്റെ നിന്റെ ഉടമസ്ഥന്‍ എന്നെ സ്നേഹിച്ചു .അയാള്‍ക്കുള്ള ശിക്ഷയാണിത്‌ ."

**********
ഹൃദയം നഷ്ടപെട്ട അയാള്‍ കഥകള്‍ എഴുതിതുടങ്ങി .
 ഒരു വഞ്ചനയുടെ കഥ, ഒരു പ്രണയത്തിന്റെ കഥ,ഒരു തെരുവിന്റെ കഥ ,ഒരു തത്തയുടെ കഥ.,ഹൃദയം നഷ്ടപെട്ട കഥ .


Tuesday, September 3, 2013

സ്നേഹത്തിന്റെ മുന്തിരിചാര്‍ കൊണ്ട് ഹൃദയം നിറക്കുന്നവര്‍ ...അച്ഛന്‍മാര്‍. ...

ഞങ്ങളുടെ (എന്റെയും ചേച്ചിയുടെയും) ഒരു പ്രായം വരെ അച്ഛന്‍ വളരെ ഗൌരവക്കാരന്‍ ആയിരുന്നു .ഞങ്ങളോട് തമാശ പറയുന്നതും കഥ പറഞ്ഞു തരുന്നതുമൊക്കെ വളരെ അപൂര്‍വ്വമായിരുന്നു .ചില ദിവസങ്ങളില്‍ കുറച്ചു കുടിച്ചാല്‍ ചിലപ്പോ പഴയ കഥകളൊക്കെ പറഞ്ഞു തരും.. അച്ഛന്റെ ജീവിത സാഹചര്യങ്ങള്‍ ആണ് അച്ഛനെ അങ്ങനെ ആക്കിയത് എന്ന് അമ്മ പറഞ്ഞു തരുമായിരുന്നു .അതുകൊണ്ട് അച്ഛനോട് ഞങ്ങള്‍ക്ക് അങ്ങനെ ദേഷ്യം ഒന്നും തോന്നിയിരുന്നില്ല .പക്ഷെ ഇടയ്ക്കൊക്കെ കുറച്ചു അച്ഛനു ഞങ്ങളോട് സ്നേഹത്തോടെ പെരുമാറിയാല്‍ എന്താ എന്ന് എനിക്ക് തോന്നിയിട്ടുണ്ട് .

.അച്ഛന്റെ ഈ ഗൌരവം ഇടയ്ക്കെങ്കിലും ഇല്ലാതിരിക്കുന്നത് ചേച്ചി എന്തെങ്കിലും തമാശകളിക്കുമ്പോള്‍ മാത്രമാണ് .എന്നോട് വളരെ ഗൌരവത്തില്‍ മാത്രമേ അച്ഛന്‍ സംസാരിച്ചിട്ടുള്ളൂ .അത്കൊണ്ട് കുറച്ചൊരു അകലം ഉണ്ടായിരുന്നു. എല്ലാ കാര്യങ്ങളും ഞാന്‍ കൂടുതല്‍ സംസാരിക്കുക അമ്മയോട് ആണ് .ഇടയ്ക്കൊക്കെ എനിക്ക് തോന്നും ഈ അച്ഛനു ഞങ്ങളോട് ഒരു സ്നേഹവും ഇല്ലെന്ന്.അച്ഛന്റെ എല്ലാ ഗൌരവങ്ങളും പൊളിഞ്ഞു വീണ ഒരു കാലം വന്നു .അമ്മയ്ക്ക് സുഖമില്ലാതെ ആശുപത്രിയില്‍ കിടക്കേണ്ടി വന്നു ഏകദേശം മൂന്നു മാസത്തോളം .വീട്ടില്‍ ഞാനും ചേച്ചിയും മാത്രം .ചേച്ചി അന്ന് അടുക്കളകാര്യങ്ങള്‍ ഒന്നും കാര്യമായി പഠിച്ചുതുടങ്ങിയിരുന്നില്ല .രാവിലെ എഴുന്നേറ്റു ചായയും കഴിക്കാന്‍ ദോശയോ അങ്ങനെ എന്തെങ്കിലുമോ അച്ഛന്‍ ഉണ്ടാക്കും. ഉച്ചയ്ക്ക് കഴിക്കാനുള്ള കറിയും ചോറും വച്ച് ഞങ്ങളെ സ്കൂളില്‍ പറഞ്ഞയച്ച് അച്ഛന്‍ പോകും .അത് വിളമ്പി ഞങ്ങള്‍ കഴിച്ചു കഴിഞ്ഞാല്‍ മാത്രമേ അച്ഛന്‍ എഴുന്നേറ്റു കഴിക്കുമായിരുന്നുള്ളൂ . ആ ദിവസങ്ങളില്‍ ഒരിക്കല്‍ പോലും അച്ഛന്‍ ഞങ്ങളെ വഴക്ക് പറയുകയോ അടിക്കുകയോ ചെയ്തിട്ടില്ല .വളരെ സൌമ്യനായ വേറെ ഒരാളെയാണ് ഞങ്ങള്‍ക്ക് കാണാന്‍ കഴിഞ്ഞത് .ഒരിക്കല്‍ പോലും ദേഷ്യം വരാത്ത വേറെ ഒരാള്‍ .അമ്മ തിരിച്ചുവന്നിട്ട് കുറച്ചു കാലം വരെയും അങ്ങനെ തന്നെയായിരുന്നു അച്ഛന്‍ .പക്ഷെ പക്ഷെ അമ്മഇല്ലാത്ത സമയത്തെ അത്രയും സ്നേഹം ഇല്ലായിരുന്നു എന്ന് എനിക്ക് തോന്നി .അമ്മയ്ക്ക് ജോലികള്‍ എല്ലാം ചെയ്തു തുടങ്ങാം എന്നുള്ള ഒരു അവസ്ഥ വന്നപ്പോള്‍ മുതല്‍ അച്ഛന്‍ പഴയ സ്വഭാവക്കാരനായി മാറി .ഈപ്രതിഭാസത്തെകുറിച്ച് ഞാന്‍ ഇപ്പോഴും ഇടയ്ക്ക് അച്ഛനോട് ചോദിക്കും . അപ്പോള്‍ അച്ഛന്‍ ഒന്ന് ഒരു കള്ള ചിരി ചിരിച്ചു അങ്ങ് പോകും .അത് കേള്‍ക്കുമ്പോള്‍ അമ്മ മറുപടി പറയും . എവിടെയോ ഒളിപ്പിച്ച സ്നേഹം അറിയാതെ പുറത്ത് ചാടുന്നതാണെടാ ..

അന്നൊക്കെ അച്ഛന്‍ അച്ഛന്റെ ഹൃദയത്തില്‍ എവിടെയോ ഒളിപ്പിച്ച സ്നേഹത്തിന്റെ മുന്തിരിചാറു അറിയാതെ തുളുമ്പിപോയതാകാം .സ്നേഹം ഉള്ളിലൊളിപ്പിച്ചു പുറമേ ഗൌരവം നടിക്കുന്ന മിക്കവാറും അച്ഛന്‍മാര്‍ ഇങ്ങനെയാണ് എന്നാണു എന്റെ വിശ്വാസം