Sunday, October 20, 2013

സ്നേഹത്തിന്റെ ചെമ്പക സുഗന്ധം

ഭഗവതിക്കാവിനു മുന്‍പിലെ ചെമ്പക മരത്തിനു ഞാന്‍ കാവലിരിന്നു.പൂരത്തിന് ചെമ്പക പൂക്കള്‍ പറിക്കാന്‍ വരുന്ന മുതിര്‍ന്നവരെയും കുട്ടികളെയും ഞാന്‍ ആട്ടിയോടിച്ചു .പലരും കാമനെ പൂജിക്കാന്‍ ഇടാനുള്ള ചെമ്പക പൂവിനു വേണ്ടി എന്നോട് കെഞ്ചി .മാണിക്യ കല്ല്‌ സൂക്ഷിക്കുന്ന സര്‍പ്പത്തെ പോലെ ഞാന്‍ അവിടെ കാവലിരുന്നു .എല്ലാ പൂരങ്ങള്‍ക്കും കാവില്‍ വേണ്ട പൂക്കള്‍ ആവശ്യത്തിലധികം വന്നിട്ടും ഞാന്‍ ആര്‍ക്കും കൊടുത്തില്ല .സ്വന്തം വീട്ടിലേക്ക് പോലും കൊണ്ടുവന്നില്ല .കാവിലേക്ക് പൂക്കള്‍ പറിക്കാന്‍ ചെമ്പകത്തിനു മുകളില്‍ കയറുമ്പോള്‍ എനിക്ക് തോന്നി ഞാന്‍ ആണ് ഇവിടത്തെ രാജാവെന്ന്.കാവില്‍ ചെമ്പക പൂക്കളമിട്ട് ശങ്ഖു മുഴങ്ങിയാല്‍ മാത്രം ഞാന്‍ വീട്ടില്‍ പോയി .കാവില്‍ പൂക്കളം ഇട്ടുകഴിഞ്ഞാല്‍ പിന്നെ ആരും പൂപറിക്കാന്‍ ശ്രമിക്കില്ല.വര്‍ഷങ്ങളായി ഇത് തുടര്‍ന്നു.ഒരു പൂരത്തിന് ചെമ്പക പൂക്കളുടെ കാവല്‍ക്കാരന് ചുട്ടു പൊള്ളുന്ന പനി.
“ചെക്കന് ചിക്കെന്‍ പോക്സ് ആണ് “
ആരോടോ അമ്മ പറയുന്നത് ഞാന്‍ കേട്ടൂ .
തടവറയില്‍ എന്ന പോലെ ഒരു റൂമില്‍ ഞാന്‍ , ജനലുകളുടെ വിടവിലൂടെ  പ്രകാശം കണ്ണിലേക്ക് തട്ടുമ്പോള്‍  വേദന കൊണ്ട് ഞാന്‍ പുളഞ്ഞു .
ചെമ്പകപൂക്കള്‍ കാണാന്‍ എനിക്ക് കൊതി . കാവിലെ പൂക്കള്‍ ഇപ്പോള്‍ പലരും കൊണ്ടുപോകുന്നുണ്ടാകും ഞാന്‍ ആശങ്കപെട്ടു. എനിക്ക് കരച്ചില്‍ വന്നു .ഞാന്‍ വര്‍ഷാവര്‍ഷം കാത്തു സൂക്ഷിക്കുന്ന എന്റെ നിധി .അത് അന്യര്‍ പറിച്ചു കൊണ്ട് പോകുന്നു .ഞാന്‍ കഷ്ടപെട്ട് എഴുന്നേല്‍ക്കാന്‍ ശ്രമിച്ചു .
“എഴുന്നെല്‍ക്കണ്ട ഞാന്‍ പൂ കൊണ്ടന്നിട്ടുണ്ട്”
എന്നെക്കാള്‍ രണ്ടു വര്‍ഷം  മുന്‍പേ  എന്റെ അമ്മ പെറ്റവള്‍ ഞാന്‍ കിടക്കുന്ന മുറിയിലേക്ക് ചെമ്പക പൂക്കള്‍ നിറച്ച പൂക്കുടയുമായി കടന്നു വന്നു .
അവള്‍ പറഞ്ഞു
“അവിടെ കാവിലെ ചെമ്പകം എല്ലാവരും കൊമ്പ് അടക്കം പൊട്ടിച്ച് കൊണ്ടോയി “
കുറച്ചു നേരം എനിക്കൊന്നും മിണ്ടാന്‍ പറ്റിയില്ല .
എനിക്ക് കഴിക്കാനായി എന്റെ അടുത്ത് വച്ചിരിക്കുന്ന പാലും ബിസ്കറ്റും അവള് കൊതിയോടെ എടുത്തു തിന്നു. എനിക്ക് ചിരി വന്നു . (ഭയങ്കരി, രോഗിയായ അനിയന്റെ പാലും ബിസ്ക്കറ്റും ഒരു ദാക്ഷിണ്യവും ഇല്ലാതെ കൂളായി കാച്ചുന്നു)
ഞാന്‍ പറഞ്ഞു .
“എടി പോത്തെ നീ ഇവിടെ വന്നത് കൊണ്ട് നിനക്ക് പനി പകരും .അമ്മ കാണണ്ട”
“എനിക്ക് പകരില്ല”
അവള്‍ ഉറച്ച ശബ്ദത്തോടെ പറഞ്ഞു .( പിന്നീട് അവള്‍ക്ക് എന്റെ പനിപകര്‍ന്നില്ല .അതൊരു സത്യമാണ്)
“നീയെന്തിനാണ്‌ പൂപറിച്ചത്” ഞാന്‍ ചോദിച്ചു .
ബിസ്കറ്റും പാലും തട്ടിവിടുന്നതിനിടയില്‍ അവള്‍ മുക്കിമൂളി മറുപടി പറഞ്ഞു .
“എല്ലാരും പൂ പറിക്കുന്നുണ്ട് അതോണ്ട് ഞാനും ... “

എനിക്ക് ദേഷ്യവും സങ്കടവും വന്നു .
“നിന്റെ കയ്യിലുള്ളതും കാവിലെ ചെമ്പകത്തീന്നു പൊട്ടിച്ചതാണോ ? “
“അതെ പൊട്ടി വീണ കൊമ്പില്‍ നിന്നും ഞാന്‍ കുറച്ചു പറിച്ചെടുത്തു.”
അവള്‍ പറഞ്ഞു .
“നീയെന്തിനാണ്‌ എടുക്കാന്‍ പോയത് “
ഞാന്‍ ദെഷ്യപ്പെട്ടു .
അവള്‍ പറഞ്ഞു .
“നിനക്ക് ചെമ്പകം ഇഷ്ടല്ലേ .നിന്നെ കാണിക്കാന്‍ ആണ് ഞാന്‍ കൊണ്ടുവന്നത് അല്ലാതെ, നല്ല മണമാണ് . ഞാന്‍ ആ ചെമ്പകം എടുത്തു മണപ്പിച്ചു നോക്കി .
ഹോ എന്തൊരു സുഗന്ധം .ഞാന്‍ അത്ഭുതപെട്ടു.
ഇത്രയും നാള്‍ ഞാന്‍ ഈ ഗന്ധം തിരിച്ചറിഞ്ഞില്ലല്ലോ .
സൂര്യന്റെ കിരണങ്ങള്‍ എന്റെ ദേഹത്തെ ചുട്ടു പൊള്ളിച്ചു .വിറയ്ക്കുന്ന പനിയിലും ഞാന്‍ കാവിലെ ചെമ്പക ചോട്ടിലേക്ക് നടന്നു പോയി .ഏതോ വികൃതി പിള്ളേര്‍ പൊട്ടിച്ച അതിന്റെ കൊമ്പിലെക്ക് ഞാന്‍ നോക്കി .ചെമ്പകം എന്നെ നോക്കി  കരയുന്നുണ്ടായിരുന്നു .വെളുത്ത കണ്ണീര്‍ തുള്ളികള്‍ അതിന്റെ കണ്ണില്‍ നിന്നും ഇറ്റു വീണു .
ഞാന്‍ ചേച്ചിയോട് പറഞ്ഞു .
“ദെ ചെമ്പകം കരയുന്നു “
അവള്‍ ചിരിച്ചു .എന്നിട്ട് പറഞ്ഞു .
“അത് ചെമ്പകത്തിന്റെ പാല് വരുന്നതാണ് പൊട്ടാ.”
അവള്‍ക്ക് ചിരി .
ഞാന്‍ ഭഗവതിയെ നോക്കി .എനിക്ക് ഭഗവതിയോട് ദേഷ്യം തോന്നി .ഞാന്‍ ഭഗവതിയെ  ഒരുപാട് വഴക്ക് പറഞ്ഞു .
“സ്വന്തം മുറ്റത്തെ ചെമ്പകം മരം സൂക്ഷിക്കാന്‍ വയ്യല്ലോ .ഞാന്‍ പനിച്ചു കിടന്നപ്പോ കണ്ടില്ലേ .എല്ലാരും പൂ പറിച്ചു കൊണ്ടോയത്”
ഭഗവതി ചിരിച്ചു . ഒന്ന് പുഞ്ചിരിച്ചു .
ചേച്ചി ഭഗവതി അപ്പോള്‍ ഭദ്രകാളി രൂപത്തില്‍ ആയിരുന്നു .അവള്‍ ദേഷ്യം കൊണ്ട് വിറച്ചു.
“നെന്നേം കൊണ്ട് ഇബിടെ വന്നെന് അമ്മ അറിഞ്ഞാല്‍ എന്നെ ഇന്ന് കൊല്ലും”
അവള്‍ പിറുപിറുത്തു .
വീട്ടിലേക്ക് വരുമ്പോള്‍ ഞാന്‍ അത്ഭുതതോട് കൂടി ചോദിച്ചു .
“എന്നാലും ആ മണം എവിടന്ന് വന്നു .ഇവടെ ചെമ്പക ചോട്ടില് അതില്ലല്ലോ”
“നീ മിണ്ടാണ്ട് നടക്കുന്നുണ്ടോ” അവളുടെ സ്വരം ഉച്ചത്തിലായി .
*****
ഇരുപത് വര്‍ഷങ്ങള്‍ക്ക് ശേഷം ഒരു പൂരക്കാലം..  ചേച്ചിക്ക് ചിക്കന്‍പോക്സ് .ഭര്‍ത്താവിന്റെ വീട്ടില്‍ ഒരു മുറിയില്‍ അവള്‍ കിടക്കുന്നു . ഞാന്‍ കാണാന്‍ ചെന്നു .
ജനലഴികള്‍ക്കുള്ളിലൂടെ ദൂരെ നിന്നും എന്നെ കണ്ട അവള്‍ വിളിച്ചു പറഞ്ഞു .
“എടാ ഇങ്ങോട്ട് വരണ്ട .പകരും”
വല്യ ബുദ്ധിമാന്‍ എന്ന ഭാവത്തില്‍ ഞാന്‍ അവളോട്‌ മറുപടി പറഞ്ഞു .
“ഒരിക്കല്‍ വന്നവര്‍ക്ക് പിന്നെ വരൂല”
എന്റെ മറുപടിയെ അവള്‍ ദൂരേക്ക് അടിച്ചകറ്റി .
“ഇപ്പൊ അങ്ങനെ ഒന്നുമില്ല .ചെലപ്പോ വീണ്ടും വന്നേക്കാം .നിനക്ക് അത്ര വല്യ ആരോഗ്യം ഒന്നുമില്ലല്ലോ”.
അവളുടെ വാക്കുകളെ വില വെക്കാതെ ഞാന്‍ വീട്ടിനുള്ളിലേക്ക് കയറി ചെന്നു .
അവള്‍ സ്നേഹത്തോടെ എന്ന ശാസിച്ചു .
“പോ പിന്നെ വന്നാ മതി .വെര്‍തെ പകരണ്ട”
ശാസനക്കിടയില്‍  ചെമ്പകത്തിന്റെ മണം.
ഞാന്‍ വീട്ടില്‍ നിന്നും ഇറങ്ങി .മുറ്റത്തിന് പുറത്തുള്ള ചെറിയ ചെമ്പക തൈയ്യില്‍ നിന്നും ഒരു പൂ നുള്ളി ഞാന്‍ മണത്തു നോക്കി .അതിനു സുഗന്ധമില്ല .
അവള്‍ പതുക്കെ എന്റെ അടുത്തേക്ക് വന്നു എന്നിട്ട് പറഞ്ഞു .
“നിനക്ക് ചിക്കെന്‍പോക്സ് വന്ന പൂരക്കാലം ഓര്‍മ്മയുണ്ടോ”
ഞാന്‍ പറഞ്ഞു .
“കൊതിച്ചി”
അവള്‍ ചിരിച്ചു .
അപ്പോള്‍ ചെമ്പകത്തിന്റെ മണം അവിടെയാകെ പരന്നു.
എന്റെ കയ്യിലുള്ള പൂവ് ഞാന്‍ ഒന്നുകൂടി മണത്തു .ഞാന്‍ വീണ്ടും വീണ്ടും അത് എടുത്തു മണത്തു നോക്കി .
ഞാന്‍ ചോദിച്ചു .
“ഇത് എങ്ങനെയാ നിന്റെ അടുത്ത് നില്‍ക്കുമ്പോള്‍ ഈ പൂവിനു ഇത്ര സുഗന്ധം”
അവള്‍ ഒന്നും മറുപടി പറഞ്ഞില്ല .ചിരിച്ചു കൊണ്ട് അകത്തേക്ക് കയറിപോയി .
പതുക്കെ വീടിനുള്ളിലേക്ക് കയറിപോകുന്ന അവളെ തന്നെ ഞാന്‍ നോക്കി നിന്നു .
ജനലഴികള്‍ക്കിടയില്‍ നിന്നും അവള്‍ വിളിച്ചു പറഞ്ഞു .
“അന്തം വിട്ടു നോക്കി നില്‍ക്കാണ്ട് വേഗം പോടാ ചെക്കാ ”
ആ ശാസനയില്‍ വീണ്ടും ചെമ്പക സുഗന്ധം .സ്നേഹത്തിന്റെ ചെമ്പക സുഗന്ധം 

Sunday, September 29, 2013

ഹൃദയം ......................തത്ത ......

തെരുവില്‍ ഇരുട്ട് മൂടി .വിളക്കുകള്‍ അണഞ്ഞു .അയാളുടെ മുറിയില്‍ മാത്രം വെളിച്ചം .അയാള്‍ക്ക്  ഉറക്കം വരുന്നില്ല ഇന്നും .ഒരു സിഗരറ്റിനു തീപിടിപ്പിച്ച് മുറിയിലൂടെ അയാള്‍ അങ്ങോട്ടും ഇങ്ങോട്ടും നടക്കുകയാണ് ..അവള്‍ സ്നേഹം കൊണ്ടെന്റെ ഉറക്കം കളയുന്നു .അയാള്‍ ഓര്‍ത്തു .

കൂട്ടിലിട്ട തത്ത അയാളോട് പറഞ്ഞു
"സമാധാനിക്കൂ..
അവളെ മറക്കൂ ..എല്ലാം ശരിയാകും ."

നീണ്ട തന്റെ താടി തടവികൊണ്ട്‌ അയാള്‍ ആലോചനയില്‍ മുഴുകി .

വാതിലില്‍ ആരോ മുട്ടുന്നു .അയാള്‍ തുറക്കാന്‍ ഒരുങ്ങി .
തത്ത കൂട്ടില്‍ കിടന്നു ചിലച്ചു ബഹളമുണ്ടാക്കി .
തുറക്കരുത് ഇത് അവളാണ് .
"അവള്‍ എന്നെ കൊണ്ട് പോകും ."അത് കരഞ്ഞു നിലവിളിച്ചു .
അയാള്‍  നിസ്സഹായനാണ് .
"തുറക്കാതിരിക്കാന്‍ പറ്റില്ല .അവള്‍ എന്നെ വഞ്ചിക്കില്ല നിന്നെ കൊണ്ട് പോകില്ല ."

"നീ എന്നെ സ്നേഹിക്കുന്നുവെങ്കില്‍ തുറക്കരുത് ." തത്ത കേണു

"ഞാന്‍ നിന്നെക്കാള്‍ ഏറെ അവളെ സ്നേഹിക്കുന്നു ."

"ഒരിക്കല്‍ അവള്‍ കൊണ്ട് പോയി കൊല്ലാന്‍ ശ്രമിച്ചതാണ് ഞാന്‍ രക്ഷപെട്ട് പറന്നു വന്നത് നീ ഓര്‍ക്കുന്നില്ലേ .തുറക്കരുത് ."

വാതിലില്‍ മുട്ട് അസഹ്യമായി
 .
"എനിക്ക് തുറന്നെ പറ്റൂ ."

 തത്തയോട് അപേക്ഷാ  ഭാവത്തില്‍ അയാള്‍ കെഞ്ചി .

ഇല്ല തത്ത വിടുന്ന ഭാവമില്ല .

"ഇല്ല ഞാന്‍ തുറക്കും."

തത്തയുടെ വാക്കുള്‍ക്ക് വിലകല്‍പ്പിക്കാതെ അയാള്‍ മുറി തുറന്നു .

നീല കണ്ണുള്ള കാമുകി മുറിയിലേക്ക് കയറി .അവള്‍ അയാളുടെ കട്ടിലില്‍ ഇരുന്നു .

തത്ത ഉച്ചത്തില്‍ വിളിച്ചു പറഞ്ഞു .

"അരുത് അരുത് .അവളെ വിശ്വസിക്കരുത് ."

അയാള്‍ അത് കേട്ടില്ല  .

അവളുടെ നീലകണ്ണുകളും ചുരുണ്ടമുടിയും അയാളെ മത്തു പിടിപ്പിച്ചു .

തിരിച്ചു പോകാന്‍ നേരം അവള്‍ ചോദിച്ചു

"ആ തത്തയെ ഞാന്‍ എടുത്തോട്ടെ .?? "

"വേണ്ട ഒരിക്കല്‍ കൊണ്ടുപോയി നീ കൊല്ലാന്‍ ശ്രമിച്ചതല്ലേ .എടുക്കണ്ട ."

"അവളുടെ മുഖം ചുവന്നു .ഇനി ഒരിക്കലും ഞാന്‍ ഇങ്ങോട്ട് വരില്ല .നിനക്ക് എന്നോട് തീരെ സ്നേഹമില്ല ."

."നീ വരണം .നീയില്ലാതെ എനിക്ക് ജീവിക്കാന്‍ വയ്യ ."

"എങ്കില്‍ എനിക്ക് തത്തയെ തരൂ ഞാന്‍ വരാം ."

അയാള്‍ തത്തയുടെ കൂട് അവള്‍ക്ക് എടുത്തു കൊടുത്തു .

അത് ചിറകിട്ടടിച്ചു .ഉച്ചത്തില്‍ വിളിച്ചു കരഞ്ഞു ,

"അരുതേ അരുതേ എന്നെ ഇവള്‍ക്ക് കൊടുക്കരുതേ ."

അയാള്‍ കേട്ടില്ല

അവള്‍ പുഞ്ചിരിച്ചു...കൂടെ  അയാളും .

അവള്‍ തത്തയെയും കൊണ്ട് പുറത്തേക്കിറങ്ങി .

അവള്‍ അതിനെകൊണ്ട് പോയി .കൂട് തുറന്നു .മൂര്‍ച്ചയെറിയ കത്തികൊണ്ടതിന്റെ ചിറകുകള്‍ അരിയാന്‍ അവള്‍ തുനിഞ്ഞു .

 തത്ത കെഞ്ചി ... "എന്നെ കൊന്നേക്കൂ ."

"ഇല്ല നിന്നെ കൊല്ലില്ല  .നീ ചിറകില്ലാതെ ജീവിക്കണം .നീ വേദനകൊണ്ട് പുളയണം "

.അവള്‍ തത്തയുടെ ചിറകുകള്‍ മുറിച്ചുകളഞ്ഞു .

അതൊന്നു പിടഞ്ഞു .

അവള്‍  ആര്‍ത്തു ചിരിച്ചു കൊണ്ട്  പറഞ്ഞു .
 .
"നീ മരിക്കരുത്‌ .നിന്റെ പിടച്ചില്‍ കണ്ട് എനിക്ക് രസിക്കണം ."

" ഞാന്‍ നിന്നോട് എന്ത് തെറ്റ് ചെയ്തു ."  വേദനക്കിടയില്‍ തത്ത അവളോട്‌ ചോദിച്ചു .

"നീയല്ല നിന്റെ നിന്റെ ഉടമസ്ഥന്‍ എന്നെ സ്നേഹിച്ചു .അയാള്‍ക്കുള്ള ശിക്ഷയാണിത്‌ ."

**********
ഹൃദയം നഷ്ടപെട്ട അയാള്‍ കഥകള്‍ എഴുതിതുടങ്ങി .
 ഒരു വഞ്ചനയുടെ കഥ, ഒരു പ്രണയത്തിന്റെ കഥ,ഒരു തെരുവിന്റെ കഥ ,ഒരു തത്തയുടെ കഥ.,ഹൃദയം നഷ്ടപെട്ട കഥ .


Tuesday, September 3, 2013

സ്നേഹത്തിന്റെ മുന്തിരിചാര്‍ കൊണ്ട് ഹൃദയം നിറക്കുന്നവര്‍ ...അച്ഛന്‍മാര്‍. ...

ഞങ്ങളുടെ (എന്റെയും ചേച്ചിയുടെയും) ഒരു പ്രായം വരെ അച്ഛന്‍ വളരെ ഗൌരവക്കാരന്‍ ആയിരുന്നു .ഞങ്ങളോട് തമാശ പറയുന്നതും കഥ പറഞ്ഞു തരുന്നതുമൊക്കെ വളരെ അപൂര്‍വ്വമായിരുന്നു .ചില ദിവസങ്ങളില്‍ കുറച്ചു കുടിച്ചാല്‍ ചിലപ്പോ പഴയ കഥകളൊക്കെ പറഞ്ഞു തരും.. അച്ഛന്റെ ജീവിത സാഹചര്യങ്ങള്‍ ആണ് അച്ഛനെ അങ്ങനെ ആക്കിയത് എന്ന് അമ്മ പറഞ്ഞു തരുമായിരുന്നു .അതുകൊണ്ട് അച്ഛനോട് ഞങ്ങള്‍ക്ക് അങ്ങനെ ദേഷ്യം ഒന്നും തോന്നിയിരുന്നില്ല .പക്ഷെ ഇടയ്ക്കൊക്കെ കുറച്ചു അച്ഛനു ഞങ്ങളോട് സ്നേഹത്തോടെ പെരുമാറിയാല്‍ എന്താ എന്ന് എനിക്ക് തോന്നിയിട്ടുണ്ട് .

.അച്ഛന്റെ ഈ ഗൌരവം ഇടയ്ക്കെങ്കിലും ഇല്ലാതിരിക്കുന്നത് ചേച്ചി എന്തെങ്കിലും തമാശകളിക്കുമ്പോള്‍ മാത്രമാണ് .എന്നോട് വളരെ ഗൌരവത്തില്‍ മാത്രമേ അച്ഛന്‍ സംസാരിച്ചിട്ടുള്ളൂ .അത്കൊണ്ട് കുറച്ചൊരു അകലം ഉണ്ടായിരുന്നു. എല്ലാ കാര്യങ്ങളും ഞാന്‍ കൂടുതല്‍ സംസാരിക്കുക അമ്മയോട് ആണ് .ഇടയ്ക്കൊക്കെ എനിക്ക് തോന്നും ഈ അച്ഛനു ഞങ്ങളോട് ഒരു സ്നേഹവും ഇല്ലെന്ന്.അച്ഛന്റെ എല്ലാ ഗൌരവങ്ങളും പൊളിഞ്ഞു വീണ ഒരു കാലം വന്നു .അമ്മയ്ക്ക് സുഖമില്ലാതെ ആശുപത്രിയില്‍ കിടക്കേണ്ടി വന്നു ഏകദേശം മൂന്നു മാസത്തോളം .വീട്ടില്‍ ഞാനും ചേച്ചിയും മാത്രം .ചേച്ചി അന്ന് അടുക്കളകാര്യങ്ങള്‍ ഒന്നും കാര്യമായി പഠിച്ചുതുടങ്ങിയിരുന്നില്ല .രാവിലെ എഴുന്നേറ്റു ചായയും കഴിക്കാന്‍ ദോശയോ അങ്ങനെ എന്തെങ്കിലുമോ അച്ഛന്‍ ഉണ്ടാക്കും. ഉച്ചയ്ക്ക് കഴിക്കാനുള്ള കറിയും ചോറും വച്ച് ഞങ്ങളെ സ്കൂളില്‍ പറഞ്ഞയച്ച് അച്ഛന്‍ പോകും .അത് വിളമ്പി ഞങ്ങള്‍ കഴിച്ചു കഴിഞ്ഞാല്‍ മാത്രമേ അച്ഛന്‍ എഴുന്നേറ്റു കഴിക്കുമായിരുന്നുള്ളൂ . ആ ദിവസങ്ങളില്‍ ഒരിക്കല്‍ പോലും അച്ഛന്‍ ഞങ്ങളെ വഴക്ക് പറയുകയോ അടിക്കുകയോ ചെയ്തിട്ടില്ല .വളരെ സൌമ്യനായ വേറെ ഒരാളെയാണ് ഞങ്ങള്‍ക്ക് കാണാന്‍ കഴിഞ്ഞത് .ഒരിക്കല്‍ പോലും ദേഷ്യം വരാത്ത വേറെ ഒരാള്‍ .അമ്മ തിരിച്ചുവന്നിട്ട് കുറച്ചു കാലം വരെയും അങ്ങനെ തന്നെയായിരുന്നു അച്ഛന്‍ .പക്ഷെ പക്ഷെ അമ്മഇല്ലാത്ത സമയത്തെ അത്രയും സ്നേഹം ഇല്ലായിരുന്നു എന്ന് എനിക്ക് തോന്നി .അമ്മയ്ക്ക് ജോലികള്‍ എല്ലാം ചെയ്തു തുടങ്ങാം എന്നുള്ള ഒരു അവസ്ഥ വന്നപ്പോള്‍ മുതല്‍ അച്ഛന്‍ പഴയ സ്വഭാവക്കാരനായി മാറി .ഈപ്രതിഭാസത്തെകുറിച്ച് ഞാന്‍ ഇപ്പോഴും ഇടയ്ക്ക് അച്ഛനോട് ചോദിക്കും . അപ്പോള്‍ അച്ഛന്‍ ഒന്ന് ഒരു കള്ള ചിരി ചിരിച്ചു അങ്ങ് പോകും .അത് കേള്‍ക്കുമ്പോള്‍ അമ്മ മറുപടി പറയും . എവിടെയോ ഒളിപ്പിച്ച സ്നേഹം അറിയാതെ പുറത്ത് ചാടുന്നതാണെടാ ..

അന്നൊക്കെ അച്ഛന്‍ അച്ഛന്റെ ഹൃദയത്തില്‍ എവിടെയോ ഒളിപ്പിച്ച സ്നേഹത്തിന്റെ മുന്തിരിചാറു അറിയാതെ തുളുമ്പിപോയതാകാം .സ്നേഹം ഉള്ളിലൊളിപ്പിച്ചു പുറമേ ഗൌരവം നടിക്കുന്ന മിക്കവാറും അച്ഛന്‍മാര്‍ ഇങ്ങനെയാണ് എന്നാണു എന്റെ വിശ്വാസം 

Thursday, June 6, 2013

തെയ്യങ്ങൾ ....മലബാറിന്റെ ഹൃദയതാളങ്ങൾക്കൊപ്പം ചുവടുവയ്ക്കുന്ന ദൈവങ്ങൾ

ഉത്തര കേരളത്തിൽ നടത്തപ്പെടുന്ന തെയ്യം ഒരു കല എന്നതിലുപരി ഒരു അനുഷ്ഠാനമാണ്.തെയ്യങ്ങൾ ക്ഷിപ്രപ്രസാദികളായ ദൈവങ്ങളാണ് എന്നാണു വിശ്വാസം .നർത്തനം ചെയ്യുന്ന ഈ ദേവതാ സങ്കൽപ്പം  മലബാറിന്റെ ഹൃദയ താളമാണ്.ഒരു മലബാറുകാരനും തന്റെ നാടിനെകുറിച്ച് പറയുമ്പോൾ തെയ്യത്തെ മാറ്റിനിർത്തി  സംസാരിക്കാൻ പറ്റുമെന്ന് തോന്നുന്നില്ല. തെയ്യം എന്ന പദം ദൈവമെന്നതിന്റെ പ്രാദേശികരൂപമാണെന്നു  കരുതാം .

ഈ അനുഷ്ഠാനകല പരശുരാമൻ സൃഷ്ടിച്ചതാണ് എന്നും അത് അധസ്ഥിത വിഭാഗങ്ങൾക്ക് കൽപ്പിച്ചു കൊടുത്തു എന്നും ബ്രാഹ്മണർക്ക്  അധികാരം കൊടുക്കുന്നതിനു മുൻപേ അതു നൽകിയെന്നുമാണ് സങ്കല്പ്പം.എന്നാൽ കോലത്തിരി രാജവംശത്തിന്റെ സമയത്താണ് തെയ്യം ഇന്ന് കാണുന്ന തരത്തിൽ പ്രചാരം വന്നത് എന്ന് വിശ്വസിക്കപെടുന്നു .കോലത്തിരിയുടെ ആഞ്ജപ്രകാരം മണക്കാടൻ ഗുരുക്കൾ ഒരൊറ്റ രാത്രി കൊണ്ട് 39 തെയ്യങ്ങൾ കെട്ടിയാടി എന്നും അദ്ദേഹമാണ് തെയ്യങ്ങൾക്ക്  ഇന്ന് കാണുന്ന രൂപവും ഭാവവും നൽകിയതെന്നാണ് വിശ്വാസം.

വടക്ക് ചന്ദ്രഗിരി പുഴ മുതൽ തെക്ക് കോരപ്പുഴ വരെ നീണ്ടുകിടക്കുന്ന രാജ്യമായിരുന്നു  കോലത്തിരിയുടെത് .തെയ്യങ്ങളെ  ഏറ്റവും കൂടുതൽ പ്രോത്സാഹിപ്പിച്ച രാജവംശവും കോലത്തിരിയുടെതു തന്നെ .പഴയങ്ങാടി പുഴയ്ക്കു വടക്കോട്ട്‌ കളിയാട്ടം എന്നും പഴയങ്ങാടി മുതൽ വളപട്ടണം വരെ തെയ്യം എന്നും വളപട്ടണം മുതൽ തെക്കോട്ട്‌ തിറയാട്ടം എന്നും  തെയ്യം  അറിയപ്പെടുന്നു . .തെയ്യത്തെ ദേവക്കോലം(തെയ്യക്കോലം) എന്നാണു പൊതുവെ പറയുന്നത് .ഏകദേശം അഞ്ഞൂറിന് അടുത്ത് തെയ്യങ്ങൾ ഉണ്ട് എന്നാണു വിശ്വാസമെങ്കിലും പ്രധാനമായ  നൂറ്റി ഇരുപതോളം തെയ്യങ്ങൾ മാത്രമേ സാധാരണയായി കെട്ടിയാടിക്കാറുള്ളൂ.ശിവനുമായി ബന്ധപെട്ടതാണ് മിക്കവാറും തെയ്യങ്ങൾ .ശിവന്റെ പുത്രന്മാർ, പുത്രിമാർ  അല്ലെങ്കിൽ ശിവ ഭൂതഗണങ്ങൾ അതുമല്ലെങ്കിൽ ശിവൻ  തന്നെ അങ്ങനെ നീണ്ടുപോകുന്നു എങ്കിലും വിഷ്ണുവിനും ദേവിക്കും വീരമൃത്യു  വരിച്ച പൂർവ്വികർക്കും  ഗുരുക്കന്മാർക്കും  തെയ്യക്കോലമുണ്ട് .നാഗങ്ങളെയും ഭൂതങ്ങളെയും യക്ഷ ഗന്ധർവന്മാരെയും തെയ്യമായി കെട്ടിയാടിക്കാറുണ്ട് .

പ്രാചീന കേരളത്തിലെ പരശുരാമാസൃഷ്ടിയായ  64 ഗ്രാമങ്ങളിൽ മുപ്പത്തിരണ്ടും മലബാറിലും തുളുനാട്ടിലുമായി(ഇന്നത്തെ കർണാടാകയുടെ ഭാഗങ്ങൾ) ആണ് ഉള്ളത് എന്ന് പറയപ്പെടുന്നു.അതിൽ ഏറ്റവും വിശിഷ്ടമായ ദേശം എന്ന് പേരുകേട്ട പെരിഞ്ചെല്ലുർ(ഇപ്പോഴത്തെ തളിപ്പറമ്പ്)  തന്നെയാണ് തെയ്യം പോലെയുള്ള അനുഷ്ഠാന  കലകൾക്ക് ഏറ്റവും കൂടുതൽ പ്രോത്സാഹനം നൽകിയ  സ്ഥലം . തളിപറമ്പ് രാജരാജേശ്വര ക്ഷേത്രത്തിൽ പ്രത്യേകം തയ്യാറാക്കിയ കൊട്ടുംബുറം എന്ന സ്ഥലത്ത് നിന്നാണ് ഇത് നല്കിപോരുന്നത് .ഇവിടെ നിന്നാണ്  അനുഷ്ഠാന കലകളുമായി ബന്ധപ്പെട്ടു അതിൽ മികവു പ്രകടിപ്പിക്കുന്ന ആൾക്കാരെ  ഒരു പ്രത്യേക സ്ഥാനമാനങ്ങൾ നൽകി ആദരിക്കുന്നത്  .ഉദാഹരണത്തിന് നന്നായി തെയ്യം കെട്ടിയാടുന്ന ഒരു വണ്ണാൻ  സമുദായത്തിലെ ആൾക്ക് പെരുവണ്ണാൻ എന്ന സ്ഥാന പേര് നൽകുന്നു.മലയൻ സമുദായതിലുള്ള ആളാണ്‌ എങ്കിൽ അയാൾക്ക്‌ പണിക്കര് സ്ഥാനം കിട്ടുന്നു .അങ്ങനെ ഓരോ സമുദായതിന്നും പ്രത്യേകം പ്രത്യേകം പേരുകളുണ്ട് .കോലത്തിരി രാജാവാണ് ഈ പതിവ് തുടങ്ങി വച്ചത് എന്ന് പറയപ്പെടുന്നു .പയ്യന്നൂർ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രവും ഇതുപോലെ അനുഷ്ഠാന കലകളെ പ്രോത്സാഹിപ്പിക്കുന്ന ഒരിടമായി കോലത്തിരി മാറ്റിയെടുതിരുന്നു.  മിക്ക തെയ്യങ്ങളുടെ തോറ്റം പാട്ടുകളിലും തെയ്യങ്ങളുടെ വാമൊഴിയിലും  നിറഞ്ഞു നിൽക്കുന്നത്  പെരിഞ്ചല്ലൂരപ്പനെ (രാജരാജെശ്വരനെ ) സ്തുതിച്ചു കൊണ്ടുള്ള കീർത്തനങ്ങൾ തന്നെ.. മന്ത്രമൂർത്തികളും മുപ്പതൈവർ എന്നറിയപെടുന്ന ദേവതകളുമാണ് പ്രധാന തെയ്യങ്ങൾ . മുൻപിനാൽ തമ്പുരാൻ പെരുംതൃക്കൊവിലപ്പൻ ,തായിപരദെവത,കളരിയാൽ ഭഗവതി,സോമേശ്വരി, ചുഴലി ഭഗവതി,പാടികുറ്റിഅമ്മ,വയത്തൂര് കാലിയാർ,കീഴൂര് ശാസ്താവ്, വൈരജാതനീശ്വരൻ,മടിയൻക്ഷേത്രപാലകൻ,വീരഭദ്രൻ,മഹാഗണപതി,
യക്ഷൻ,കുക്ഷിശാസ്തൻ,ഊർപഴശ്ശി  ,വേട്ടക്കൊരുമകൻ,ഇളംകരുമകൻ ,പുതുർവാടിചേകവർ(കന്നിക്കൊരുമകൻ),ബമ്മുരിക്കൻ,കരിമുരിക്കൻ,
തെക്കൻകരിയാത്തൻ,വയനാട്ടുകുലവൻ,
തോട്ടുംകരഭഗവതി,പുതിയഭഗവതി.വീരകാളി,ഭദ്രകാളി,വിഷ്ണുമൂർത്തി,
രക്തേശ്വരി,
രക്തചാമുണ്ടി,ഉച്ചിട്ട,കരുവാൾ,കണ്‍ഠാകർണൻ,വീരൻ എന്നിവയാണ്  മുപ്പതൈവര് കോലങ്ങൾ എന്നറിയപ്പെടുന്ന തെയ്യങ്ങൾ.മന്ത്രമൂർത്തികൾ എന്ന് പറയുന്ന മറ്റൊരു വിഭാഗം തെയ്യങ്ങൾ ഉണ്ട് .മന്ത്രമൂർത്തികൾ 101 പേരുണ്ടെന്നാണ് വിശ്വാസം . പഞ്ച മൂർത്തികൾ എന്ന പേരിൽ  പ്രധാനപ്പെട്ട അഞ്ചു തെയ്യക്കോലങ്ങൾ ഉണ്ട് ..കുട്ടിശാസ്തൻ,ഭൈരവൻ,ഉച്ചിട്ട,പൊട്ടൻ തെയ്യം,ഗുളികൻ  എന്നിവയാണ് ആ തെയ്യങ്ങൾ.അതിൽ ആദ്യത്തെ മൂന്നുപേരും മന്ത്രമൂർത്തികളിൽപെട്ടവയാണ്.ഇവരെകൂടാതെ പുലിദൈവങ്ങളും മറ്റുള്ളവീരന്മാരും നാഗ,യക്ഷ,യക്ഷികൾ എന്നിവരും സ്ഥിരമായികെട്ടിയാടിക്കപെടുന്ന തെയ്യങ്ങളിൽ പെടും.

സ്വാതികം എന്നറിയപ്പെടുന്ന ബ്രാഹ്മണ കർമ്മങ്ങൾ ഉള്ള ക്ഷേത്രങ്ങളും രാജസം എന്നറിയപ്പെടുന്ന മത്സ്യമാംസാദികൾ,മദ്യം എന്നിവ നൈവേദ്യമായി നൽകുന്ന
കർമ്മങ്ങൾ ഉള്ള ക്ഷേത്രങ്ങളും തെയ്യങ്ങളും ഉണ്ട് .തെയ്യങ്ങൾ കെട്ടിയാടുന്ന സ്ഥലങ്ങൾക്ക്  പ്രത്യേകം പ്രത്യേകം പേരുകൾ നൽകിയിട്ടുണ്ട്. പ്രധാനദേവത  ദേവീ സങ്കൽപ്പത്തിലുള്ള  ക്ഷേത്രങ്ങൾക്ക്  കാവുകൾ എന്ന് പറയും .ഉദാഹരണത്തിന് പുതിയ ഭഗവതി കാവ്, മുച്ചിലോട്ടു ഭഗവതി കാവ് എന്നിങ്ങനെ .എന്നാൽ സാത്വികമായ കർമ്മങ്ങൾ നടക്കുന്ന (മദ്യം,മത്സ്യമാംസാദികൾ എന്നിവ ഉപയോഗിക്കാത്ത കർമ്മങ്ങൾ ഉള്ള ക്ഷേത്രം) ക്ഷേത്രങ്ങളെ കോട്ടം എന്ന് പറയുന്നു .ഉദാഹരണത്തിന് വേട്ടക്കൊരുമകൻ കോട്ടം, കന്നിക്കൊരുമകൻ കോട്ടം അങ്ങനെ.മുത്തപ്പൻ  തെയ്യം കെട്ടിയാടുന്ന ക്ഷേത്രത്തിനു മടപ്പുര എന്നും വിഷ്ണുമൂർത്തി, രക്തചാമുണ്‍ടി  എന്നീ  തെയ്യങ്ങൾ കെട്ടിയാടുന്നതിനെ മുണ്ട്യ എന്നും ഗുളികൻ ,പൊട്ടൻ  എന്നിങ്ങനെയുള്ള  തെയ്യങ്ങൾ കെട്ടിയാടുന്ന ക്ഷേത്രങ്ങൾ  സ്ഥാനം എന്നുമാണ്‌  അറിയപ്പെടുന്നത്‌

അമ്പലങ്ങൾ  എന്ന് പറയുന്നത് സ്വാതികമായ കർമ്മങ്ങൾ നടക്കുന്ന സ്ഥലമാണ് എങ്കിൽ തെയ്യം കെട്ടിയാടുന്ന മിക്കവാറും കാവുകളും  രാജസകർമ്മത്തിൽ അധിഷ്ടിതമാണ്. മത്സ്യമാംസാദികൾ, മദ്യം എന്നിവ രാജസകർമ്മ  തെയ്യങ്ങൾക്ക് പറഞ്ഞിട്ടുള്ളതാണ് .സ്വാതികമായ കർമ്മത്തിലൂടെ ദൈവത്തെ പ്രസാദിപ്പിക്കുന്ന ചടങ്ങുള്ള  തെയ്യങ്ങളും ഒരുപാടുണ്ട് .ഉദാഹരണത്തിന് വേട്ടക്കൊരുമകൻ,കന്നിക്കൊരുമകൻ,ശാസ്താവ് തുടങ്ങിയ തെയ്യങ്ങൾ സ്വാതിക കർമ്മങ്ങൾ ആണ് പിന്തുടർന്ന് പോകുന്നത്. മുകളിൽ  പറഞ്ഞ ഈ തെയ്യങ്ങൾക്ക് മത്സ്യമാംസാദികൾ മദ്യം എന്നിവ നിഷിദ്ദമാണ് .എന്നാൽ രാജസകർമ്മങ്ങൾ ചെയ്യുന്ന കാവുകളിലും ക്ഷേത്രങ്ങളിലും നൈവേദ്യമായി ഇത് ഉണ്ടാകുകയും തെയ്യങ്ങൾ ഇത് കർമ്മ പൂർത്തീകരണത്തിന് വേണ്ടി സേവിക്കുകയും ചെയ്യും . ഉദാഹരണത്തിന് പുതിയഭഗവതി,ഭദ്രകാളി തുടങ്ങിയ തെയ്യങ്ങൾ ഉള്ള കാവുകൾ .

തെയ്യങ്ങൾ വർഷാവർഷം  കെട്ടിയാടുന്ന കാവുകളാണ് മിക്കവാറും.അതിനു കാൽകളിയാട്ടം എന്നാണു പൊതുവെ പറയുക .എന്നാൽ രണ്ടു വർഷം   മുതൽ നാല് വർഷം  വരെ ഇടവേളയിൽ തെയ്യം കെട്ടിയാടുന്നതിനെ കളിയാട്ടം എന്നും അഞ്ചോ അതിലധികമോ വർഷം കൂടി തെയ്യം കെട്ടിയാടുന്നതിനെ പെരുംകളിയാട്ടം എന്നും പറയും .

വളരെ ചിട്ടയായ ചടങ്ങുകൾ ഉള്ള അനുഷ്ഠാനമാന് തെയ്യം .ഒരു തെയ്യം കെട്ടുന്നതിനു മുൻപ് അതുമായി ബന്ധപ്പെട്ടു ഒരുപാട് ചടങ്ങുകൾ നടക്കേണ്ടതുണ്ട് .ഒരു ക്ഷേത്രത്തിൽ തെയ്യവുമായി ബന്ധപ്പെട്ടു ആദ്യം ചെയ്യുന്ന ചടങ്ങാണ് അടയാളം കൊടുക്കൽ. ആ ക്ഷേത്രത്തിലെ പ്രധാന തെയ്യം കെട്ടുന്ന കോലക്കാരനെ നിശ്ചയിക്കുന്ന ചടങ്ങാണ് ഇത് .കാൽകളിയാട്ടമാണ് എങ്കിൽ ഒരു ജന്മാരിക്ക് (ആ പ്രദേശത്ത് തെയ്യം കെട്ടാൻ അവകാശം ഉള്ള ആൾ)വെറ്റില,
അടക്ക,നെല്ല്,പണം എന്നിവ നൽകുകയാണ്  ചെയ്യുക .തെയ്യം നടക്കുന്നതിനു മുൻപുള്ള സംക്രമ ദിവസമാണ് ഇത് നൽകുക.എന്നാൽ മുച്ചിലോട്ട് പോലെയുള്ള പെരുംകളിയാട്ടം നടക്കുന്ന കാവുകളിൽ തെയ്യം കെട്ടാൻ അനുയോജ്യനായ ഒരാളെ കണ്ടെത്തുകയാണ് ചെയ്യുക .വരച്ചുവെക്കൽ എന്നാണു ആ ചടങ്ങിനെ പറയുക .ചില തെയ്യങ്ങളുടെ കോലം അണിയാൻ കോലക്കാരൻ  വൃതം എടുക്കേണ്ടതായി വരും.
മിക്കവാറും പ്രധാനപെട്ട തെയ്യങ്ങൾ കെട്ടാൻ വൃതം  എടുക്കണം. ഓരോ തെയ്യത്തിന്റെയും പ്രത്യേകത അനുസരിച്ച് വൃതത്തിന്റെ രീതികളും മാറും.ചില തെയ്യങ്ങൾക്ക് തലപ്പാളയുടെ(ജന്മാവകാശമായി കിട്ടുന്ന തെയ്യം കെട്ടുന്നതിനു മുൻപ്  വയ്ക്കുന്ന പ്രത്യേകതരം തൊപ്പി പോലെയുള്ള ആഭരണം)അവകാശിക്ക് മാത്രമേ ആ തെയ്യം കെട്ടാൻ പാടുള്ളൂ എന്നുണ്ട് .അവർ അത് കൈമാറാൻ പാടില്ല എന്നാണു നിയമം .കൈമാറിയാൽ അത് കിട്ടിയ ആൾക്ക് ആയിരിക്കും പിന്നെ അവകാശം .പാരമ്പര്യമായി കൈമാറിയാണ് അങ്ങനെയുള്ള തെയ്യങ്ങൾ കെട്ടുന്നത് .

അടിച്ചമർത്തപ്പെട്ട വിഭാഗങ്ങളുടെ ഉന്നമനതിനായാണ് ഈ കല പരശുരാമൻ
സൃഷ്ടിച്ചത് എന്ന് പറയപ്പെടുന്നു . അറുപത്തിനാല് ബ്രാഹ്മണ ഇല്ലങ്ങൾക്ക് അധികാരം കൊടുക്കുമ്പോൾ ആ അധികാരം അവർ  ദുരുപയോഗം ചെയ്തേക്കാം എന്നറിയാവുന്നതുകൊണ്ടായിരിക്കാം അഥസ്ഥിത വിഭാഗങ്ങൾക്ക് ഒരു ജീവിതമാർഗ്ഗം  എന്നതിലുപരി ഉയർന്ന ജാതിക്കാരുടെ പോലും ബഹുമാനം പിടിച്ചുപറ്റുന്ന വിധത്തിൽ ദൈവമായി മാറാൻ അവസരം കൊടുത്തത്. തെയ്യമായാൽ എത്ര ഉന്നതകുലജാതനും അവനെ തൊഴുന്നു .

തുലാമാസം(ഒക്ടോബർ) പത്താം തീയ്യതിയാണ് മലബാറിലെ തെയ്യക്കാലം ആരംഭിക്കുന്നത് കൊളച്ചേരി ചാത്തമ്പള്ളി  വിഷകണ്‍ഠൻ ക്ഷേത്രത്തിലെ കളിയാട്ടതോട് കൂടിയാണത് . ഇടവത്തിലെ(ജൂണ്‍ ) പുതിയതെരു കളരിവാതുക്കൽ ക്ഷേത്രത്തിലെ തെയ്യത്തോട്‌ കൂടിയാണ് മലബാറിലെ തെയ്യക്കാലം അവസാനിക്കുന്നത് . ഒരു ക്ഷേത്രത്തിൽ തെയ്യം ആരംഭിക്കുന്നതിനു
 തലേദിവസം നടക്കുന്ന ചടങ്ങാണ് തോറ്റം, വെള്ളാട്ടം എന്നിവ .വീരമൃത്യു വരിച്ചവർക്കും
ദേവി സങ്കൽപ്പത്തിലുള്ള  കോലങ്ങൾക്കും  പൊതുവെ നൃത്തം ചെയ്യുന്ന തോറ്റങ്ങൾ ഉണ്ടാകും അല്ലാതെയുള്ള തെയ്യങ്ങൾക്ക്  പൊതുവെ തോറ്റം  പ്രധാന കോലക്കാരൻ പാടുകയും അതിനു ശേഷം വെള്ളാട്ടരൂപം കെട്ടിയാടുകയുമാണ് പതിവ് വെള്ളാട്ടം എന്ന് പറയുന്നത് ചമയങ്ങളോട് കൂടിയുള്ള തെയ്യത്തിന്റെ ബാലരൂപമായിരിക്കും .പിറ്റേദിവസം ഇറങ്ങുന്ന തെയ്യത്തിന്റെ മിക്കവാറും എല്ലാ നൃത്ത ചടങ്ങുകളും വെള്ളാട്ടം കാണിക്കും .
ആടയാബരണങ്ങളിൽ  മുടിയിൽ മാത്രമായിരിക്കും തെയ്യവും ആ തെയ്യത്തിന്റെ വെള്ളാട്ടവുമായി  മിക്കവാറും വ്യത്യാസം ഉണ്ടാകുക .തെയ്യം തുടങ്ങുന്നതിനു മുന്നോടിയായി മുഖ്യ ദേവനെയോ ദേവിയെയോ ആദ്യം സ്തുതിച്ചു പാടുന്ന ഒരു ചടങ്ങുണ്ട്.അരിയിട്ടു വന്ദിച്ചു കൊണ്ടാണ് ഇങ്ങനെ ചടങ്ങുകൾ തുടങ്ങുന്നത് .മുഖ്യ തെയ്യത്തിന്റെ കോലക്കാരൻ നടുവിലും വാദ്യങ്ങൾ കൊണ്ട് മറ്റുള്ളവരും ചുറ്റിലും നിന്നാണ് ഇത് ചെയ്യുക. ക്ഷേത്ര മുറ്റത്ത്‌ നിന്നും   തെയ്യത്തിലേക്ക് അവിടത്തെ ദേവി ദേവന്മാരെ വിളിച്ചുണർത്തുന്ന  ചടങ്ങാണിത്‌ . നന്താർ വിളക്കും തിരുവായുധവും അരിയിട്ടു വന്ദിക്കാം എന്ന് തുടങ്ങി എഴുന്നള്ളി വരികവേണം ദൈവമേ എന്നുവരെയുള്ള പ്രാർത്ഥന ചടങ്ങാണിത്‌ .ഇത് കഴിഞ്ഞാൽ ഉടൻ സന്ധ്യവേല എന്ന ചടങ്ങ് നടക്കും ..ദേവി ദേവന്മാരെ ചെണ്ടകൊട്ടി ഉണർത്തി  തെയ്യത്തിലേക്ക് ക്ഷണിക്കുന്ന ചടങ്ങാണ് ഇത് .ഇതിനു ശേഷമാണ് ആതാതു തെയ്യങ്ങളുടെ തോറ്റം,വെള്ളാട്ടം എന്നിവ ഉണ്ടാകുക.തോറ്റത്തിൽ തന്നെ ഉച്ച തോറ്റം  അന്തിതോറ്റം  എന്നിങ്ങനെ രണ്ടു തരമുണ്ട്  ഉണ്ട് .ഇതിലെ ചടങ്ങുകൾ വ്യത്യസ്തമാണ്.ദൈവത്തെ കോലക്കാരൻ സ്തുതിച്ചു പാടുന്ന ചടങ്ങാണ് തോറ്റം . അതിനു ശേഷം അവർ സങ്കൽപ്പിക്കുന്ന  ദേവി ദേവന്മാർ അവരിലെക്കു ആവേശിക്കും എന്നാണു വിശ്വാസം.തോറ്റതിന് അധികം ചമയങ്ങൾ ഉണ്ടാകില്ല .വെള്ളാട്ടം എന്ന് പറയുന്നത് ശരിക്കും ഒരു തെയ്യരൂപം തന്നെയാണ്.കുറച്ചു ആടയാഭരണങ്ങൾ മാത്രമേ തെയ്യത്തിൽ നിന്നും വെള്ളാട്ടവുമായി വ്യത്യാസം ഉണ്ടാകു.തെയ്യം എന്തൊക്കെ നൃത്തരൂപങ്ങൾ  അവതരിപ്പിക്കും എന്നതിന്റെ ഒരു introduction ആയി വെള്ളാട്ടങ്ങളെ കാണാം.


തെയ്യങ്ങളിൽ തന്നെ മന്ത്രമൂർത്തികൾ എന്നറിയപ്പെടുന്ന ഉഗ്രമൂർത്തികളായ  തെയ്യക്കോലങ്ങൾ എല്ലാം കെട്ടിയാടുന്നത്‌  മലയസമുദായക്കാരാണ് .എന്നാൽ പൊതുവെ കൂടുതൽ തെയ്യങ്ങൾ വണ്ണാൻ  സമുദായക്കാർക്കാണു ഉള്ളത്    .വീരമൃത്യുവരിച്ചു ദൈവകരുവായി മാറിയവരുടെ എല്ലാ തെയ്യക്കോലങ്ങളും കെട്ടുന്നത് വണ്ണാൻ  സമുദായക്കാരാണ് . കാണാൻ സാമ്യമുള്ള ഒരേ രീതിയിലുള്ള  പല തെയ്യക്കോലങ്ങൾ ഉണ്ട് എങ്കിലും സസൂക്ഷ്മം നിരീക്ഷിച്ചാൽ പല വ്യത്യാസങ്ങളും കണ്ടെത്താൻ കഴിഞ്ഞേക്കും. മുഖത്തെഴുതിൽ ആയിരിക്കും വ്യത്യാസങ്ങൾ ഉണ്ടാകുക.  ഓരോ തെയ്യത്തിന്റെ സ്വഭാവസവിശേഷത,രൗദ്രത  എന്നിവ മുഖത്തെഴുതിൽ  നിന്നും ആടയാഭരണങ്ങളിൽ നിന്നും മനസ്സിലാക്കാൻ സാധിക്കും .മുഖത്തെഴുത്തും ചമയവും കഴിഞ്ഞു തെയ്യം കെട്ടുന്ന ആൾ  ആടയാഭരണങ്ങളോട് കൂടി ക്ഷേത്രത്തിനു മുൻപിലുള്ള  പീഠത്തിൽ വന്നിരിക്കുന്നു .അതിനു  ശേഷം ഏതു  തെയ്യമാണോ അയാൾ  കെട്ടിയാടുന്നത്‌ ആ ദേവനെ/ ദേവിയെ സ്തുതിച്ചു കൊണ്ട് തോറ്റങ്ങൾ (സ്തോത്രങ്ങൾ) ചൊല്ലുന്നു .സഹായികളായ മറ്റുള്ള ആൾക്കാർ ചേർന്ന് മുടി വയ്ക്കുന്നു .ഓരോ തെയ്യത്തിന്റെയും രൂപത്തിനും ഭാവത്തിനും അനുസരിച്ച് പല തരത്തിലുള്ള മുടികൾ ഉണ്ടാകും. ദേവീ സങ്കൽപ്പമാണെങ്കിൽ മിക്കവാറും വലിയ മുടികളും വട്ടമുടികളുമാണ് ഉണ്ടാകുക .ദേവന്മാർക്ക്  വലിയ മുടി പൊതുവെ കുറവാണ്.മുടി വയ്ക്കൽ ചടങ്ങുകൾ നടക്കുമ്പോൾ തന്നെ വളരെ പതിഞ്ഞ താളത്തിൽ ചെണ്ട കൊട്ടി തെയ്യത്തെ നൃത്തത്തിനായി  വരവേറ്റു തുടങ്ങും.മുടി വച്ച് കഴിഞ്ഞാൽ കോലക്കാരൻ കണ്ണാടിയിൽ താൻ ദൈവമായി മാറിയത് നോക്കികാണുന്നു. അതോടു കൂടി അയാളിലേക്ക് ആ ദേവ ചൈതന്യം ആവേശിക്കുന്നു  എന്നാണു വിശ്വാസം. ചെണ്ടകളുടെയും തകിലിന്റെയും ശബ്ദം അപ്പോൾ ഉച്ചസ്ഥായിയിൽ ആയിരിക്കും.ദൈവം ആവേശിച്ച ഉടൻ പീഠത്തിൽ നിന്നും എഴുന്നേറ്റു നൃത്തം തുടങ്ങുന്നു .ക്ഷേത്രത്തിൽ ആൾക്കാർ തെയ്യത്തെ അറിയെരിഞ്ഞു വരവേൽക്കുന്നു. തെയ്യം നൃത്തം ചെയ്യുന്നതിനിടയിൽ തന്നെ
ആ ദേവൻ  അല്ലെങ്കിൽ ദേവി ഉപയോഗിക്കുന്ന ആയുധങ്ങൾ ഓരോന്നായി സ്വീകരിക്കുകയും അതെടുത്തു നൃത്തം ചെയ്യുകയും ചെയ്യുന്നു .

നൃത്തം ചെയ്തു കഴിഞ്ഞ തെയ്യങ്ങൾ  ഭക്തരുടെ പരാതി കേൾക്കാൻ  ഇരിക്കുന്നു. അവരുടെ സങ്കടങ്ങൾ ഓരോന്നായി കേൾക്കുന്നു  പരിഹാരം നിർദ്ദേശിക്കുന്നു.ഭക്തനും ദൈവവും പരസ്പ്പരം നേരിട്ട് സംവദിക്കുന്ന ഒരു അപൂർവ്വ ചടങ്ങാണ് തെയ്യം.കുറി കൊടുത്തു ഭക്തജനങ്ങളെ അനുഗ്രഹിച്ച ശേഷം കലശമാടി നാടിനും നാട്ടാർക്കും  ഗുണത്തെ ചൊല്ലി അടുത്തവർഷം  വീണ്ടും സംവദിക്കാം എന്നും പറഞ്ഞു തിരുമുടി അഴിച്ചുവയ്ക്കുന്നതോട് കൂടി തെയ്യം അവസാനിക്കുന്നു.

ഒരു പ്രദേശത്ത്  നടക്കുന്ന തെയ്യത്തിന്റെ ഏറ്റവും വലിയ  പ്രത്യേകത അതിന്റെ ജനകീയ കൂട്ടായ്മ ആണ് .എല്ലാ വിഭാഗങ്ങളും ഏതെങ്കിലും തരത്തിൽ ഇതിൽ പങ്കു ചേരുന്നുണ്ട് .ഒരു തെയ്യം നടക്കുമ്പോൾ ഓരോ വിഭാഗതിന്നും പ്രത്യേക അവകാശങ്ങൾ  ഉണ്ട് .തെയ്യം നടക്കുന്ന ക്ഷേത്രങ്ങളിലെ ഉത്തമ കർമ്മങ്ങൾ ബ്രാഹ്മണർക്ക് അവകാശപ്പെട്ടതാണ് ഊരായ്മ സ്ഥാനം നായർക്കും കലശമാടാനുള്ള അവകാശം തീയർക്കും വിളക്കിൽ എണ്ണകൊടുക്കാനുള്ള അവകാശം വാണിയസമുദായക്കാർക്കും മാറ്റ്(അലക്കിയ വസ്ത്രം) നൽകാനുള്ള അവകാശം വണ്ണത്താൻ  വിഭാഗത്തിൽ  പെട്ട സ്ത്രീകൾക്കും ആയുധങ്ങൾ ഉണ്ടാക്കാനും അത് കേടുപാട് തീർത്തുകൊടുക്കാൻ കൊല്ലൻ  സമുദായക്കാർക്കും മേലേരിക്ക് വേണ്ടിയുള്ള(തെയ്യത്തിനു വേണ്ടി പ്രത്യേകം തയ്യാറാക്കിയ തറയിൽ മരം കൂട്ടിയിട്ടു കത്തിച്ചത് കൂട്ടിയട്ടത് ) മരം മുറിക്കാനുള്ള അവകാശം ആശാരിമാർക്കും ചെണ്ടകൊട്ടാനും തെയ്യങ്ങൾ കെട്ടാനുമുള്ള  അവകാശങ്ങൾ  മലയൻ,വണ്ണാൻ തുടങ്ങിയ സമുദായങ്ങൾക്കും  കൽപ്പിച്ചുകൊടുത്തിട്ടുണ്ട്‌...  എല്ലാ വിഭാഗം ആൾക്കാരും  പങ്കെടുക്കുന്ന മത നിരപേക്ഷ കൂട്ടായ്മയാണ് തെയ്യങ്ങൾ.തെയ്യങ്ങൾ തന്നെ ഓരോ വിഭാഗങ്ങൾക്കും  ഓരോ പ്രത്യേക വിളിപ്പേരാണ് ഉപയോഗിക്കുക. ഉദാഹരണത്തിന് തീയ്യ സമുദായത്തെ എട്ടില്ലക്കാർ  എന്നാണു പൊതുവെ തെയ്യങ്ങൾ പറയുക. ഓരോ സമുദായത്തിനും അങ്ങനെ ഓരോ പേരുകൾ  ഉണ്ട് .മുസ്ലിങ്ങൾക്ക്‌പോലും വിളിപ്പേരുണ്ട് .മാടായി നഗരമേ എന്നാണു മുസ്ലിങ്ങളെ വിളിച്ചുപോരുന്നത് .ആദ്യകാലത്ത് മാടായിൽ കുടിയേറിപാർത്തവർ എന്ന നിലയ്ക്കാണ് ആ പേര് വന്നത് .തളിപറമ്പ് ദേശവുമായി ബന്ധമുള്ള ബ്രാഹ്മണരെ പെരിഞ്ചെല്ലൂർ മ ഗ്രാമമേ എന്നും വിളിച്ചു പോരുന്നു ആരാധന എന്ന നിലയ്ക്കാണ് തെയ്യങ്ങൾ കെട്ടിയാടുന്നത്‌ എങ്കിലും സാമൂഹ്യ നന്മയാണ് അത് ലക്ഷ്യമിടുന്നത് .പണ്ടുകാലത്ത് രോഗങ്ങൾ മാറാനും കർഷകർക്ക്  നല്ല വിളവു ലഭിക്കാനുമൊക്കെയാണ്  തെയ്യങ്ങളെ ആരാധിച്ചുപോന്നിരുന്നത് .മിക്ക തെയ്യങ്ങളും കാർഷിക  ദേവതകളും രോഗം മാറ്റുന്ന ദേവതകളുമാണ്. ജാതി വ്യവസ്ഥിതിയെ വിമർശിക്കുന്ന  തെയ്യങ്ങളും ഉണ്ട് .


തെയ്യങ്ങൾ മലബാറിന്റെ സാമൂഹ്യ ചരിത്രത്തെ ഒരുപാടു സ്വാധീനിക്കുന്നുണ്ട് . ഒരു ദേശത്തിന്റെ ഐക്യം നിലനിർത്താനും  ബന്ധങ്ങൾ ഊട്ടിഉറപ്പിക്കാനും അത് സഹായിക്കുന്നുണ്ട്. ജാതി മത രാഷ്ട്രീയ ഭേദമന്യേ ആളുകള് അതിൽ പങ്കാളികളാകുന്നു എന്നതാണ് തെയ്യത്തിന്റെ ഏറ്റവും വലിയ പ്രത്യേകത. അവിടെ വലിയവനും ചെറിയവനുമില്ല ..ജാതിയില്ല മതമില്ല ദേശമില്ല .ആർക്കും പങ്കാളികളാകാം.ദൈവത്തോട് സങ്കടമുണർത്തിക്കാം. ഇത് തന്നെയാണ് മറ്റുള്ള അനുഷ്ഠാന  കലയിൽ നിന്നും തെയ്യത്തെ വ്യത്യസ്ഥമാക്കുന്നത്.നാടിനും നാട്ടാർക്കും സമ്പത്തും ഐശ്വര്യവും നന്മയും തന്നെയാണ് ഓരോ കളിയാട്ടതിന്റെയും ലക്ഷ്യം. ഓരോ സമുദായത്തെയും ആൾക്കാരെയും പേരെടുത്തു ചൊല്ലി ഗുണത്തെ ചൊല്ലി പിരിയൽ എന്നൊരു ചടങ്ങുണ്ട് തെയ്യത്തിന്. ഏറ്റവും അവസാനം നടക്കുന്ന ഈ ചടങ്ങിലെ   വരികള്‍ താഴെ കൊടുക്കുന്നു.സാമൂഹ്യ നന്മ തന്നെയാണ് ഇതിന്റെ ലക്ഷ്യമെന്നു അതിൽ നിന്നും മനസ്സിലാക്കാൻ സാധിക്കും .

തെയ്യത്തിന്റെ ഗുണത്തെചൊല്ലി പിരിയൽ താഴെകൊടുക്കുന്നു.


അതിലും വിശേഷിച്ച്
എന്റെ കാൽകളിയാട്ടം  കാണാൻ വന്ന ജനങ്ങൾക്കും
അവരുടെ സന്താനങ്ങൾക്കും  സന്തതികൾക്കും
നെല്ലും പൊന്നും ഭണ്‍ഠാര കാര്യത്തിന്നും
മേലാക്കതിന്നും മേൽവലക്കതിന്നും എറിയൊരു ഗുണം വരണം"

NER REKHA PUBLISHED ON 1.6.2013Sunday, May 12, 2013

അക്ഷയ തൃതീയയുടെ പ്രാധാന്യവും കച്ചവടസംസ്ക്കാരവും..


സത്കർമങ്ങൾക്ക് ഒരിക്കലും ക്ഷയിക്കാത്ത ഫലം നൽകുന്ന  നാൾ എന്നതാണ് അക്ഷയ തൃതീയ .ഭാരതീയ ഹൈന്ദവ സങ്കൽപത്തിലെ  ഏറ്റവും പ്രധാനപെട്ട  ദിവസങ്ങളിൽ ഒന്നാണത്  .ഭാരതീയ പുരാണങ്ങളിൽ വളരെയധികം പ്രാധാന്യം ഈ ദിനത്തിനുണ്ട്.നമ്മുടെ പൂർവ്വികർ തീയ്യതിയും  സമയവും പണ്ടു കണക്കാക്കിയിരുന്നത് ചന്ദ്രനേയും സൂര്യനെയും അടിസ്ഥാനമാക്കിയായിരുന്നു.അതിൽ ചന്ദ്രനെ അടിസ്ഥാനമാക്കി കണക്കാക്കിയ കലണ്ടറിൽ പതിനാലു ദിനങ്ങളാണ് ഉള്ളത് .പ്രഥമ,ദ്വിതീയ,തൃതീയ,ചതുർത്ഥി,പഞ്ചമി,ഷഷ്ടി,സപ്തമി,അഷ്ടമി,
നവമി,ദശമി,ഏകാദശി ,ദ്വാദശി,ത്രയോദശി,ചതുർദശി എന്നിവയാണ് അവ .പതിനഞ്ചാം നാൾ പൌർണമി അഥവാ വെളുത്ത വാവ്.സൗരമാസവും ചാന്ദ്ര മാസവും ഉപയോഗിക്കുന്നത് കൊണ്ട് ദിവസങ്ങളിൽ ചെറിയ വ്യത്യാസം വരും .അങ്ങനെ രണ്ടു ദിവസങ്ങൾ ചേരുന്ന വൈശാഖ മാസത്തിലെ മൂന്നാം ദിവസമാണ് അക്ഷയ തൃതീയ .അക്ഷയ തൃതീയ ദിവസം സൂര്യനും ചന്ദ്രനും അതിന്റെ ഏറ്റവും ഉത്തമമായ സ്ഥാനത്താണ് നിൽക്കുന്നത് എന്ന് ഭാരതീയ ജ്യോതിഷം പറയുന്നു .
അക്ഷയ തൃതീയ ദിവസം ഒരുപാടു വിശേഷങ്ങൾ നടന്ന ദിവസമാണ് എന്ന് ഭാരതീയ  പുരാണങ്ങൾ പറയുന്നു .മഹാവിഷ്ണുവിന്റെ എട്ടാമത്തെ അവതാരമായ ബലരാമൻ ജനിച്ച ദിവസമായാണ് ഈ ദിനം പൊതുവെ കൊണ്ടാടുന്നത്.എന്നാൽ മറ്റൊരു സങ്കൽപ്പപ്രകാരം പരശുരാമൻ ജനിച്ച ദിവസമാണ് ഇതെന്നും പറയപ്പെടുന്നു.എന്തുതന്നെയായാലും  മാധവമാസം എന്നറിയപെടുന്ന വൈശാഖ മാസം  ഹൈന്ദവ   സങ്കൽപ്പപ്രകാരം വളരെ വിശേഷപെട്ടതാണ് . വാസന്തമാസമെന്നറിയപെടുന്ന  വൈശാഖമാസത്തിലാണ് വിഷ്ണുവിന്റെനാലാമത്തെ അവതാരമായ  നരസിംഹമൂർത്തിയുടെ ജനനം എന്നതും ഈ മാസത്തിൽ വിഷ്ണുപൂജയുടെ പ്രാധാന്യം  വർദ്ധിപ്പിക്കുന്നു .

യുഗങ്ങളിൽ സത്യയുഗം എന്ന പേരിൽ അറിയപ്പെടുന്ന കൃതയുഗം ആരംഭിച്ച ദിനവും പാഞ്ചാലിക്കു ഭഗവാൻ ശ്രീകൃഷ്ണൻ അക്ഷയപാത്രം നൽകിയ ദിനവും വേദവ്യാസൻ മഹാഭാരത കഥ എഴുതിത്തുടങ്ങിയ ദിവസവും ഈ പുണ്യ ദിനം തന്നെയാണ് എന്നുപറയപ്പെടുന്നു .കുചേലൻ കൃഷ്ണനെ കാണാൻ പോയ ദിവസവും ഇതുതന്നെയാണ് എന്നാണ് വിശ്വാസം .ഈ ദിനത്തിൽ ദാനധർമങ്ങൾ നടത്തണമെന്നും പിതൃതർപ്പണം ചെയ്യണമെന്നും  അന്ന് ചെയ്യുന്ന കർമങ്ങൾ എല്ലാം അക്ഷയഫല പ്രധാനമാണ്(നശിക്കാത്തത്) എന്നും വിഷ്ണുധർമ്മസൂത്രത്തിലും നാരദ  പുരാണത്തിലും വിവരിച്ചിട്ടുണ്ട് .
ഏതു കാര്യം തുടങ്ങാനും ഈ ദിവസം ഉത്തമമാണ് എന്ന് പറയപ്പെടുന്നു.
അക്ഷയ തൃതീയ ദിവസം നക്ഷത്രങ്ങളെ അടിസ്ഥാനമാക്കി പ്രത്യേകം മുഹൂർത്തം നോക്കേണ്ട കാര്യമില്ല ഈ ദിവസം മുഴുവൻ ശുഭമാണ് എന്നു ജ്യോതിഷത്തിൽ പറയുന്നുണ്ട്.

ഉത്തരേന്ത്യയിലാണ് അക്ഷയതൃതീയ കൂടുതലായും ആചരിക്കപെടുന്നത് .
അക്ഷയ തൃതീയ എന്നുകേൾക്കുമ്പോൾ തന്നെ ഇപ്പോൾ ആദ്യം മനസ്സിൽ ഓടിയെത്തുക തീർച്ചയായും സ്വർണമായിരിക്കും. എന്നാൽ ഈ ദിവസവും സ്വർണവും തമ്മിൽ യാതൊരു ബന്ധവുമില്ല എന്നതാണ് സത്യം .ആ ദിവസം ദാനധർമങ്ങൾ നടത്തി കിട്ടുന്ന പുണ്യം അക്ഷയമായിരിക്കും എന്നു മാത്രമേപുരാണങ്ങളിൽപറയുന്നുള്ളൂ .പക്ഷെ ഇത് എങ്ങനെയാണ് ഇപ്പൊൾ സ്വർണംവാങ്ങാനുള്ള ദിവസമായി മാറിഎന്നത് ആശ്ചര്യജനകമാണ്  .വിശ്വാസങ്ങളെ വിദഗ്ദ്ധമായി  എങ്ങനെ  ചൂഷണം ചെയ്തുജനങ്ങളെ   വിഡ്ഢികകളാക്കം എന്ന്  ഈ കച്ചവട സംസ്ക്കാരം നമ്മെ പഠിപ്പിക്കുണ്ട് .പക്ഷെ ഒരിക്കലും നമ്മൾ അത്  പഠിക്കുന്നില്ല എന്നതാണ് സത്യം .വർഷാവർഷം അക്ഷയ തൃതീയയക്ക് സ്വർണകടകളിൽ കാണുന്ന  തിരക്ക് തന്നെ ഉദാഹരണം .അടുത്ത പത്തു വർഷം കൊണ്ട്സ്വർണത്തിന്റെ വിൽപ്പന  33%ശതമാനം
വർദ്ധിച്ചേക്കുമെന്നു  പ്രമുഖ ജ്വല്ലറിഉടമകൾ പറഞ്ഞതായി പത്രത്തിൽ വായിച്ചിരിന്നു .
അക്ഷയ തൃതീയ ദിവസം കിട്ടുന്ന സ്വർണം  സവിശേഷതയുള്ളതല്ല എന്നറിയാവുന്ന കേരളത്തിലെ വിദ്യാഭ്യാസ സമ്പന്നരായ ആളുകൾ  തന്നെയാണ് ഇതിന്റെ പിന്നിൽ  പോകുന്നതെന്നറിയുമ്പോഴാണ് ഇതിന്റെ പിന്നിലെ പരസ്യങ്ങൾ മലയാളികളെ എത്രയധികം സ്വാധീനിക്കുന്നത് എന്ന് മനസ്സിലാക്കാൻ പറ്റുക.സ്വർണം വിലകൂടിയ ഒരു ലോഹമാണ് .നിക്ഷേപത്തിന് ഏറ്റവും പറ്റിയ ലോഹമെന്ന നിലയ്ക്ക് അത് വാങ്ങി സൂക്ഷിക്കുന്നത് വളരെയധികം നല്ലതാണ് .പക്ഷെ ഇരട്ടിയാകുമെന്ന് കരുതി അക്ഷയ തൃതീയ ദിവസം സ്വർണം വാങ്ങിച്ചു കൂട്ടാൻ ജനങ്ങൾ കാട്ടുന്ന ഈ പരാക്രമം വിശ്വാസം കടന്നു അന്ധ വിശ്വാസത്തിലേക്ക് തിരിച്ചുപോകുന്നു എന്ന തോന്നലാണ് ഉളവാക്കുന്നത്  .

അക്ഷയതൃതീയ ദിനം ദാനം ,ജപം,ഹോമം ,പിതൃതർപ്പണം എന്നീകർമങ്ങൾ അക്ഷയ ഫല പ്രദമാണ് എന്നു നമ്മളെ പഠിപ്പിച്ച നമ്മുടെ പൂർവ്വികരെ കടത്തി വെട്ടി ഈ ദിനം സ്വർണം വാങ്ങിച്ചു ഇരട്ടിയാക്കാം  എന്നു നമ്മുടെ മനസ്സിൽ കുത്തിവെച്ച ജ്വല്ലറികടക്കാരെ തൊഴുക തന്നെ വേണം അല്ലെങ്കിൽ
തൊഴിക്കുകതന്നെ വേണം  .ആദ്യമായി വിശ്വാസങ്ങളെ അന്ധവിശ്വാസമാക്കി മാറ്റിഇത്രയധികം ഗുണം നേടാം എന്ന് ആദ്യമായി   കണ്ടുപിടിച്ച  ആളെയും  പരസ്യ  തന്ത്രത്തിൽ  നമിക്കേണ്ടിവരും  .എന്തുതന്നെയായാലും കുറെപേർക്ക് ഐശ്വര്യം കിട്ടുന്നുണ്ട്.സ്വർണകടക്കാർക്ക് .അവർക്ക്പണം ഇരട്ടിയാകുന്നുമുണ്ട്.വിശ്വാസങ്ങളെ ചോദ്യം  ചെയ്യാൻ  നമുക്ക്പേടിയാണ് .യാഥാർതഥ്യമല്ലെങ്കിലും ആര്പടച്ചു വിടുന്നതായാലും
നമ്മൾ സ്വീകരിച്ചോളും .സ്വർണകടക്കാരുടെ പരസ്യങ്ങൾപോലെ  916 ക്വാളിറ്റിയോടെതന്നെ മനസ്സിൽ ആ അന്ധവിശ്വാസങ്ങളെ നമ്മൾ പ്രതിഷ്ടിക്കുകയും ചെയ്യും

വാൽകഷണം :അക്ഷയ തൃതീയദിവസം സ്വർണം വാങ്ങിക്കണമെന്ന് പറഞ്ഞ സുഹൃത്തിനോട്‌ നിനക്ക് ഈ ദിവസത്തിന്റെ
പ്രത്യേകതയെകുറിച്ച്എന്തെങ്കിലും അറിയുമോഎന്ന് ചോദിച്ചപ്പോൾ എല്ലാവരും  വാങ്ങുന്നുണ്ട് അത് കൊണ്ട്  ഞാനും  സ്വർണം  വാങ്ങുന്നു എന്ന മറുപടി കിട്ടി . കൂടെ ഒരു  ഉപദേശവും  ഇതൊക്കെ നമ്മുടെ ഒരു വിശ്വാസമല്ലേ .

അതെ വിശ്വാസം അതല്ലേ എല്ലാം.. ‌


Wednesday, April 10, 2013

എന്റെ സ്വന്തം തീവണ്ടി കഥ ....


മംഗലാപുരം റെയിൽവെ സ്റ്റെഷൻ. നല്ല തിരക്കുണ്ട്‌ .ഓരോ ട്രെയിൻ വരുമ്പോഴും ആൾക്കാർ ഉന്തിതള്ളി ട്രെയിനിൽ കേറാൻ മത്സരിക്കുന്നുണ്ട് .സിമന്റ് ബെഞ്ചിൽ ഞാനും അമ്മയും ഇരിക്കുന്നു . അച്ഛൻ ഞങ്ങളുടെ അരികത്തായി നില്ക്കുകയാണ് .സ്ഥലം ഇല്ലാഞ്ഞിട്ടല്ല . ഓരോ ട്രെയിൻ വരുന്നതും ശ്രദ്ധിച്ച് അങ്ങനെ നടക്കുകയും നില്ക്കുകയുമൊക്കെയാണ് അച്ഛൻ .അതിനിടയിൽ അച്ഛൻ  പേഴ്സ് ഒക്കെ എടുത്തു പൈസ ഒക്കെ അവിടെ തന്നെ ഉണ്ട് എന്ന് ഒന്നുറപ്പു വരുത്തി .അച്ഛൻ പേഴ്സ് എടുത്തു നോക്കുന്നത് വെയ്ക്കുന്ന പോക്കറ്റും ഒക്കെ കുറച്ചു ദൂരെ നിന്നും ഒരാള് സൂക്ഷിച്ചു നോക്കുന്നതായി എനിക്ക് തോന്നി .തോന്നിയതല്ല .അയാള് അച്ഛനെ തന്നെയാണ് ശ്രദ്ധിച്ചു കൊണ്ടിരുന്നത് എന്ന് എനിക്ക് മനസ്സിലായി .ഞാൻ അമ്മയോട് പറഞ്ഞു .എന്റെ സംശയങ്ങൾ ശരിയാണ് എന്നും അച്ഛന്റെ പേഴ്സ് ആണ് അയാളുടെ ശ്രദ്ധയിൽ എന്നും അമ്മയ്ക്കും തോന്നിയിരിക്കാം .പതുക്കെ അടുത്തുവിളിച്ച് അമ്മ അച്ഛനോട് ഈ കാര്യം പറഞ്ഞു.അമ്മ പറഞ്ഞ ഈ കാര്യം അച്ഛൻ കാര്യമാക്കി എടുത്തില്ല .കൂടെ എന്നെ ഉപദേശിക്കണ്ടാ എന്നൊരു താക്കീതും .പിന്നെ അമ്മ ഒന്നും പറയാൻ പോയില്ല .
ഞാൻ നോക്കിയിട്ട് അയാളെ കണ്ടതും ഇല്ല .അയാളെ കാണാതെ ആയതുമുതൽ ഞങ്ങളെ ആ വിഷയം അങ്ങു വിട്ടു. പിന്നീടു എന്റെ ശ്രദ്ധമുഴുവൻ സ്റ്റെഷനിൽ അവിടെ അവിടായി നടക്കുന്ന മിട്ടായി വില്പനകാരുടെ കൈകളിലെക്കായിരുന്നു . ഞാൻ അച്ഛന്റെ അടുത്തു പോയി ചോദിച്ചു .

"അച്ഛാ എനിക്ക് മുട്ടായി വാങ്ങിച്ച് തര്വോ .? "

പതിവിലുള്ള ഗൌരവം കുറച്ചു കൂടി കൂട്ടി അച്ഛൻ പറഞ്ഞു .

" ഇപ്പൊ മുട്ടായി .അനങ്ങാതെ അവിടെ പോയി ഇരിക്കെടാ"

ഞാൻ ഒന്നും മിണ്ടാതെ അമ്മയുടെ അടുത്ത് വന്നിരുന്നു. എന്നെ ആശ്വസിപ്പിക്കാൻ അമ്മ പറഞ്ഞു .

"വീട്ടിലെത്തട്ടെ എന്നിട്ട് വാങ്ങിച്ചു തരാം "

അച്ഛനോട് കൂടുതൽ നിർബന്ധിക്കാൻ പോയാൽ നല്ല വഴക്ക് കിട്ടും എന്നത് എനിക്കറിയാവുന്ന കാര്യമാണ് .ഞാൻ പിന്നെ ചോദിച്ചില്ല .

കുറച്ചു നേരങ്ങൾക്ക് ശേഷം ഒരു  ട്രെയിൻ വന്നു .അമ്മ ഞങ്ങൾ ഉന്തി തള്ളി ട്രെയിനിന്റെ അകത്തു കയറി .എനിക്ക് കാലിനു സുഖമില്ലാത്തത്‌ കൊണ്ടാണ് മംഗലാപുരം പോയത് എന്ന കാര്യം ഞാൻ പറഞ്ഞില്ലല്ലോ . അമ്മ എന്നെയും എടുത്തുകൊണ്ടാണ് ട്രെയിനിൽ  കേറിയത്‌ .അത് കൊണ്ട് തന്നെ കേറിയ ഉടനെ ഒരു സീറ്റ് കിട്ടി .അച്ഛൻ ഞങ്ങളുടെ അടുത്ത് നിന്നു.

ട്രെയിൻ കുറെ ദൂരം പിന്നിട്ടു .തിരക്കുകുറഞ്ഞു .അച്ഛന് സീറ്റ് കിട്ടി .ഇരുന്നു കഴിഞ്ഞ ശേഷം അച്ഛൻ പോക്കെറ്റ് ഒന്ന് തപ്പി .പേഴ്സ് ഇല്ല .അച്ഛൻ നാലുപാടും പേഴ്സിനു വേണ്ടി തിരഞ്ഞു .പോക്കറ്റടിക്കപ്പെട്ടു എന്ന് അച്ഛന് മനസ്സിലായി .
അച്ഛൻ അടുത്തേക്ക് നീങ്ങിയിരുന്നു പതുക്കെ പറഞ്ഞു .
"പേഴ്സ് ആരോ പോക്കറ്റടിച്ചു ."

അച്ഛൻ അത്രയും പതുക്കെ സംസാരിക്കുന്നത് അതിനു മുൻപോ പിന്നീടോ ഞാൻ കേട്ടിട്ടില്ല .

അച്ഛൻ അമ്മയോടായി പറഞ്ഞു .

"ഇനി കണ്ണൂര് ഇറങ്ങിയാൽ എങ്ങനെ വീട്ടില് പോകും .വേറെ ഒരൊറ്റ പൈസ കയ്യില് ഇല്ല " അല്ല പയ്യന്നൂര് ഇറങ്ങിയാ മതിയോ ? "

അമ്മ വല്യ ഭാവഭേദങ്ങൾ ഒന്നുമില്ലാതെ

"കണ്ണൂര് ഇറങ്ങാം അതാ നല്ലത് " എന്ന് മാത്രം മറുപടി പറഞ്ഞു . അച്ഛൻ ഒരു സമാധാനവുമില്ലാതെ , സ്വയം ആശ്വസിപ്പിക്കാൻ ഇങ്ങനെ പറയുന്നുണ്ടായിരുന്നു .

" കണ്ണൂര് ഇറങ്ങാം .പരിചയക്കാരന്റെ ഒരു പീടികയുണ്ട് .അവിടെ വണ്ടി എത്തുമ്പോഴേക്കും അടക്കുവോ ആവോ "

അമ്മ ഒന്നും മിണ്ടിയില്ല .

ഞങ്ങൾ കണ്ണൂര് ഇറങ്ങി .നഗരം ഉറങ്ങിയിരിക്കുന്നു .ഒരു കട പോലും തുറന്നിട്ടില്ല .റെയിൽവെ സ്റ്റെഷനിൽ നിന്നും ഞങ്ങൾ ബസ്സ്‌ സ്റ്റാന്ടിൽ എത്തി .
വെളിച്ചമുള്ള ഒരു കടപോലുമില്ല .എല്ലാം അടച്ചിരിക്കുന്നു . പക്ഷെ ബസ്സ്‌ സ്റ്റാന്റിൽ ഒരുപാട് ആളുകളുണ്ട് .ഇനി വരാനുള്ള ബസ്സ് തളിപറമ്പ് ഭാഗത്തേക്ക് പോകാനുള്ളതാണ് എന്ന് അവിടെയുള്ളവരുടെ സംസാരത്തിൽ നിന്നും ഞങ്ങള്ക്ക് മനസ്സിലായി .

" പുലരുന്നത് വരെ ഇവിടെ ഇരിക്കാം .പുലർന്നിട്ടു നോക്കാം എന്താന്നു വച്ചാൽ"

അച്ഛൻ പറഞ്ഞു .

"പുലരുന്നത് വരെ ഒന്നും ഇരിക്കണ്ട .നമുക്ക് അടുത്ത ബസ്സിനു തന്നെ പോകാം ."
എന്ന് പറഞ്ഞു കൊണ്ട് അമ്മ  അമ്മയുടെ പേഴ്സിൽ നിന്നും 100 രൂപ എടുത്തു അച്ഛന് നേരെ നീട്ടി .

ആശ്ചര്യത്തോടെ അച്ഛന്‍ അമ്മയുടെ മുഖത്ത് നോക്കി..
"നിന്റെ കയ്യില്‍ ?????
അച്ഛന്‍ അത്രയും പറഞ്ഞു നിര്‍ത്തി ....

അമ്മ ഒന്ന് ചിരിച്ചു എന്നിട്ട് പറഞ്ഞു .
" നമ്മള്‍ വീട്ട്ന്നു ഇറങ്ങുമ്പോ  എന്റെ കയ്യില്‍ ഇല്ലാര്‍ന്നു ..വഴീന്നു എനിക്ക് തോന്നി  കൊറേ ദൂരം പോകുവല്ലേ കയ്യില്‍ വച്ചേക്കാം എന്ന് കരുതി പീട്യെന്നു വാങ്ങിച്ചതാ "..
"ഇത് ഇണ്ടായിട്ടു  ഇത്രേം നേരായിട്ടെന്താ  പറയാഞ്ഞേ ??

അച്ഛന്റെ അടുത്ത ചോദ്യം...

അതിനു മറുപടിയായി അമ്മ ഒന്ന് ചിരിക്കുക മാത്രം ചെയ്തു .അമ്മയുടെ ചിരി കണ്ട് അച്ഛന്റെയും കണ്ണുകൾ വിടര്ന്നു

നിമിഷങ്ങളുടെ നിശബ്ദതയ്ക്ക് ശേഷം അമ്മ പറഞ്ഞു .

"എന്റെ മോനൊരു മുട്ടായിക്കു ചോയ്ച്ചിട്ടു നിങ്ങള് വാങ്ങി കൊടുത്തില്ലല്ലോ...എന്നിട്ടിപ്പോആരാന്റെ മക്കള് തിന്നാനായില്ലേ "

 അമ്മയുടെ ആ പ്രതീക്ഷിക്കാത്ത സിസ്സര്‍ കട്ടിനു  മുന്‍പില്‍ അച്ഛന്‍ തോറ്റു.

അച്ഛൻ ഒന്നും മിണ്ടിയില്ല .ഞങ്ങൾ ബുദ്ധിമുട്ടൊന്നും കൂടാതെ വീട്ടിലെത്തി .
സാധാരണ അച്ഛന്റെ കൂടെ പോകുമ്പോള്‍ അമ്മയുടെ കയ്യില്‍ പൈസ ഉണ്ടാകാറില്ല...അന്നെന്തോപൈസ വാങ്ങി കയ്യില് വയ്ക്കാന്‍ അമ്മയ്ക്ക് തോന്നിയത് ഞങ്ങളുടെ ഭാഗ്യം...

വീട്ടിൽ എല്ലാരും കൂടി വെറുതെ ഇരിക്കുമ്പോൾ  ഇടയ്ക്ക് ഞങ്ങളീ കഥ പറഞ്ഞു ചിരിക്കും....അച്ഛനെ ഞങ്ങളുടെ മുൻപിൽ "ഇരുത്താൻ" അമ്മയ്ക്ക് ആകെയുള്ള ഒരു പിടിവള്ളി ഇതാണ് .ഞങ്ങള്‍ ഇരുന്നു ചിരിക്കുമ്പോ ഒരാള് മാത്രം പതുക്കെ ചിരിച്ചോണ്ട് എഴുന്നേറ്റു പോകും ....