Wednesday, April 10, 2013

എന്റെ സ്വന്തം തീവണ്ടി കഥ ....


മംഗലാപുരം റെയിൽവെ സ്റ്റെഷൻ. നല്ല തിരക്കുണ്ട്‌ .ഓരോ ട്രെയിൻ വരുമ്പോഴും ആൾക്കാർ ഉന്തിതള്ളി ട്രെയിനിൽ കേറാൻ മത്സരിക്കുന്നുണ്ട് .സിമന്റ് ബെഞ്ചിൽ ഞാനും അമ്മയും ഇരിക്കുന്നു . അച്ഛൻ ഞങ്ങളുടെ അരികത്തായി നില്ക്കുകയാണ് .സ്ഥലം ഇല്ലാഞ്ഞിട്ടല്ല . ഓരോ ട്രെയിൻ വരുന്നതും ശ്രദ്ധിച്ച് അങ്ങനെ നടക്കുകയും നില്ക്കുകയുമൊക്കെയാണ് അച്ഛൻ .അതിനിടയിൽ അച്ഛൻ  പേഴ്സ് ഒക്കെ എടുത്തു പൈസ ഒക്കെ അവിടെ തന്നെ ഉണ്ട് എന്ന് ഒന്നുറപ്പു വരുത്തി .അച്ഛൻ പേഴ്സ് എടുത്തു നോക്കുന്നത് വെയ്ക്കുന്ന പോക്കറ്റും ഒക്കെ കുറച്ചു ദൂരെ നിന്നും ഒരാള് സൂക്ഷിച്ചു നോക്കുന്നതായി എനിക്ക് തോന്നി .തോന്നിയതല്ല .അയാള് അച്ഛനെ തന്നെയാണ് ശ്രദ്ധിച്ചു കൊണ്ടിരുന്നത് എന്ന് എനിക്ക് മനസ്സിലായി .ഞാൻ അമ്മയോട് പറഞ്ഞു .എന്റെ സംശയങ്ങൾ ശരിയാണ് എന്നും അച്ഛന്റെ പേഴ്സ് ആണ് അയാളുടെ ശ്രദ്ധയിൽ എന്നും അമ്മയ്ക്കും തോന്നിയിരിക്കാം .പതുക്കെ അടുത്തുവിളിച്ച് അമ്മ അച്ഛനോട് ഈ കാര്യം പറഞ്ഞു.അമ്മ പറഞ്ഞ ഈ കാര്യം അച്ഛൻ കാര്യമാക്കി എടുത്തില്ല .കൂടെ എന്നെ ഉപദേശിക്കണ്ടാ എന്നൊരു താക്കീതും .പിന്നെ അമ്മ ഒന്നും പറയാൻ പോയില്ല .
ഞാൻ നോക്കിയിട്ട് അയാളെ കണ്ടതും ഇല്ല .അയാളെ കാണാതെ ആയതുമുതൽ ഞങ്ങളെ ആ വിഷയം അങ്ങു വിട്ടു. പിന്നീടു എന്റെ ശ്രദ്ധമുഴുവൻ സ്റ്റെഷനിൽ അവിടെ അവിടായി നടക്കുന്ന മിട്ടായി വില്പനകാരുടെ കൈകളിലെക്കായിരുന്നു . ഞാൻ അച്ഛന്റെ അടുത്തു പോയി ചോദിച്ചു .

"അച്ഛാ എനിക്ക് മുട്ടായി വാങ്ങിച്ച് തര്വോ .? "

പതിവിലുള്ള ഗൌരവം കുറച്ചു കൂടി കൂട്ടി അച്ഛൻ പറഞ്ഞു .

" ഇപ്പൊ മുട്ടായി .അനങ്ങാതെ അവിടെ പോയി ഇരിക്കെടാ"

ഞാൻ ഒന്നും മിണ്ടാതെ അമ്മയുടെ അടുത്ത് വന്നിരുന്നു. എന്നെ ആശ്വസിപ്പിക്കാൻ അമ്മ പറഞ്ഞു .

"വീട്ടിലെത്തട്ടെ എന്നിട്ട് വാങ്ങിച്ചു തരാം "

അച്ഛനോട് കൂടുതൽ നിർബന്ധിക്കാൻ പോയാൽ നല്ല വഴക്ക് കിട്ടും എന്നത് എനിക്കറിയാവുന്ന കാര്യമാണ് .ഞാൻ പിന്നെ ചോദിച്ചില്ല .

കുറച്ചു നേരങ്ങൾക്ക് ശേഷം ഒരു  ട്രെയിൻ വന്നു .അമ്മ ഞങ്ങൾ ഉന്തി തള്ളി ട്രെയിനിന്റെ അകത്തു കയറി .എനിക്ക് കാലിനു സുഖമില്ലാത്തത്‌ കൊണ്ടാണ് മംഗലാപുരം പോയത് എന്ന കാര്യം ഞാൻ പറഞ്ഞില്ലല്ലോ . അമ്മ എന്നെയും എടുത്തുകൊണ്ടാണ് ട്രെയിനിൽ  കേറിയത്‌ .അത് കൊണ്ട് തന്നെ കേറിയ ഉടനെ ഒരു സീറ്റ് കിട്ടി .അച്ഛൻ ഞങ്ങളുടെ അടുത്ത് നിന്നു.

ട്രെയിൻ കുറെ ദൂരം പിന്നിട്ടു .തിരക്കുകുറഞ്ഞു .അച്ഛന് സീറ്റ് കിട്ടി .ഇരുന്നു കഴിഞ്ഞ ശേഷം അച്ഛൻ പോക്കെറ്റ് ഒന്ന് തപ്പി .പേഴ്സ് ഇല്ല .അച്ഛൻ നാലുപാടും പേഴ്സിനു വേണ്ടി തിരഞ്ഞു .പോക്കറ്റടിക്കപ്പെട്ടു എന്ന് അച്ഛന് മനസ്സിലായി .
അച്ഛൻ അടുത്തേക്ക് നീങ്ങിയിരുന്നു പതുക്കെ പറഞ്ഞു .
"പേഴ്സ് ആരോ പോക്കറ്റടിച്ചു ."

അച്ഛൻ അത്രയും പതുക്കെ സംസാരിക്കുന്നത് അതിനു മുൻപോ പിന്നീടോ ഞാൻ കേട്ടിട്ടില്ല .

അച്ഛൻ അമ്മയോടായി പറഞ്ഞു .

"ഇനി കണ്ണൂര് ഇറങ്ങിയാൽ എങ്ങനെ വീട്ടില് പോകും .വേറെ ഒരൊറ്റ പൈസ കയ്യില് ഇല്ല " അല്ല പയ്യന്നൂര് ഇറങ്ങിയാ മതിയോ ? "

അമ്മ വല്യ ഭാവഭേദങ്ങൾ ഒന്നുമില്ലാതെ

"കണ്ണൂര് ഇറങ്ങാം അതാ നല്ലത് " എന്ന് മാത്രം മറുപടി പറഞ്ഞു . അച്ഛൻ ഒരു സമാധാനവുമില്ലാതെ , സ്വയം ആശ്വസിപ്പിക്കാൻ ഇങ്ങനെ പറയുന്നുണ്ടായിരുന്നു .

" കണ്ണൂര് ഇറങ്ങാം .പരിചയക്കാരന്റെ ഒരു പീടികയുണ്ട് .അവിടെ വണ്ടി എത്തുമ്പോഴേക്കും അടക്കുവോ ആവോ "

അമ്മ ഒന്നും മിണ്ടിയില്ല .

ഞങ്ങൾ കണ്ണൂര് ഇറങ്ങി .നഗരം ഉറങ്ങിയിരിക്കുന്നു .ഒരു കട പോലും തുറന്നിട്ടില്ല .റെയിൽവെ സ്റ്റെഷനിൽ നിന്നും ഞങ്ങൾ ബസ്സ്‌ സ്റ്റാന്ടിൽ എത്തി .
വെളിച്ചമുള്ള ഒരു കടപോലുമില്ല .എല്ലാം അടച്ചിരിക്കുന്നു . പക്ഷെ ബസ്സ്‌ സ്റ്റാന്റിൽ ഒരുപാട് ആളുകളുണ്ട് .ഇനി വരാനുള്ള ബസ്സ് തളിപറമ്പ് ഭാഗത്തേക്ക് പോകാനുള്ളതാണ് എന്ന് അവിടെയുള്ളവരുടെ സംസാരത്തിൽ നിന്നും ഞങ്ങള്ക്ക് മനസ്സിലായി .

" പുലരുന്നത് വരെ ഇവിടെ ഇരിക്കാം .പുലർന്നിട്ടു നോക്കാം എന്താന്നു വച്ചാൽ"

അച്ഛൻ പറഞ്ഞു .

"പുലരുന്നത് വരെ ഒന്നും ഇരിക്കണ്ട .നമുക്ക് അടുത്ത ബസ്സിനു തന്നെ പോകാം ."
എന്ന് പറഞ്ഞു കൊണ്ട് അമ്മ  അമ്മയുടെ പേഴ്സിൽ നിന്നും 100 രൂപ എടുത്തു അച്ഛന് നേരെ നീട്ടി .

ആശ്ചര്യത്തോടെ അച്ഛന്‍ അമ്മയുടെ മുഖത്ത് നോക്കി..
"നിന്റെ കയ്യില്‍ ?????
അച്ഛന്‍ അത്രയും പറഞ്ഞു നിര്‍ത്തി ....

അമ്മ ഒന്ന് ചിരിച്ചു എന്നിട്ട് പറഞ്ഞു .
" നമ്മള്‍ വീട്ട്ന്നു ഇറങ്ങുമ്പോ  എന്റെ കയ്യില്‍ ഇല്ലാര്‍ന്നു ..വഴീന്നു എനിക്ക് തോന്നി  കൊറേ ദൂരം പോകുവല്ലേ കയ്യില്‍ വച്ചേക്കാം എന്ന് കരുതി പീട്യെന്നു വാങ്ങിച്ചതാ "..
"ഇത് ഇണ്ടായിട്ടു  ഇത്രേം നേരായിട്ടെന്താ  പറയാഞ്ഞേ ??

അച്ഛന്റെ അടുത്ത ചോദ്യം...

അതിനു മറുപടിയായി അമ്മ ഒന്ന് ചിരിക്കുക മാത്രം ചെയ്തു .അമ്മയുടെ ചിരി കണ്ട് അച്ഛന്റെയും കണ്ണുകൾ വിടര്ന്നു

നിമിഷങ്ങളുടെ നിശബ്ദതയ്ക്ക് ശേഷം അമ്മ പറഞ്ഞു .

"എന്റെ മോനൊരു മുട്ടായിക്കു ചോയ്ച്ചിട്ടു നിങ്ങള് വാങ്ങി കൊടുത്തില്ലല്ലോ...എന്നിട്ടിപ്പോആരാന്റെ മക്കള് തിന്നാനായില്ലേ "

 അമ്മയുടെ ആ പ്രതീക്ഷിക്കാത്ത സിസ്സര്‍ കട്ടിനു  മുന്‍പില്‍ അച്ഛന്‍ തോറ്റു.

അച്ഛൻ ഒന്നും മിണ്ടിയില്ല .ഞങ്ങൾ ബുദ്ധിമുട്ടൊന്നും കൂടാതെ വീട്ടിലെത്തി .
സാധാരണ അച്ഛന്റെ കൂടെ പോകുമ്പോള്‍ അമ്മയുടെ കയ്യില്‍ പൈസ ഉണ്ടാകാറില്ല...അന്നെന്തോപൈസ വാങ്ങി കയ്യില് വയ്ക്കാന്‍ അമ്മയ്ക്ക് തോന്നിയത് ഞങ്ങളുടെ ഭാഗ്യം...

വീട്ടിൽ എല്ലാരും കൂടി വെറുതെ ഇരിക്കുമ്പോൾ  ഇടയ്ക്ക് ഞങ്ങളീ കഥ പറഞ്ഞു ചിരിക്കും....അച്ഛനെ ഞങ്ങളുടെ മുൻപിൽ "ഇരുത്താൻ" അമ്മയ്ക്ക് ആകെയുള്ള ഒരു പിടിവള്ളി ഇതാണ് .ഞങ്ങള്‍ ഇരുന്നു ചിരിക്കുമ്പോ ഒരാള് മാത്രം പതുക്കെ ചിരിച്ചോണ്ട് എഴുന്നേറ്റു പോകും ....