Sunday, May 12, 2013

അക്ഷയ തൃതീയയുടെ പ്രാധാന്യവും കച്ചവടസംസ്ക്കാരവും..


സത്കർമങ്ങൾക്ക് ഒരിക്കലും ക്ഷയിക്കാത്ത ഫലം നൽകുന്ന  നാൾ എന്നതാണ് അക്ഷയ തൃതീയ .ഭാരതീയ ഹൈന്ദവ സങ്കൽപത്തിലെ  ഏറ്റവും പ്രധാനപെട്ട  ദിവസങ്ങളിൽ ഒന്നാണത്  .ഭാരതീയ പുരാണങ്ങളിൽ വളരെയധികം പ്രാധാന്യം ഈ ദിനത്തിനുണ്ട്.നമ്മുടെ പൂർവ്വികർ തീയ്യതിയും  സമയവും പണ്ടു കണക്കാക്കിയിരുന്നത് ചന്ദ്രനേയും സൂര്യനെയും അടിസ്ഥാനമാക്കിയായിരുന്നു.അതിൽ ചന്ദ്രനെ അടിസ്ഥാനമാക്കി കണക്കാക്കിയ കലണ്ടറിൽ പതിനാലു ദിനങ്ങളാണ് ഉള്ളത് .പ്രഥമ,ദ്വിതീയ,തൃതീയ,ചതുർത്ഥി,പഞ്ചമി,ഷഷ്ടി,സപ്തമി,അഷ്ടമി,
നവമി,ദശമി,ഏകാദശി ,ദ്വാദശി,ത്രയോദശി,ചതുർദശി എന്നിവയാണ് അവ .പതിനഞ്ചാം നാൾ പൌർണമി അഥവാ വെളുത്ത വാവ്.സൗരമാസവും ചാന്ദ്ര മാസവും ഉപയോഗിക്കുന്നത് കൊണ്ട് ദിവസങ്ങളിൽ ചെറിയ വ്യത്യാസം വരും .അങ്ങനെ രണ്ടു ദിവസങ്ങൾ ചേരുന്ന വൈശാഖ മാസത്തിലെ മൂന്നാം ദിവസമാണ് അക്ഷയ തൃതീയ .അക്ഷയ തൃതീയ ദിവസം സൂര്യനും ചന്ദ്രനും അതിന്റെ ഏറ്റവും ഉത്തമമായ സ്ഥാനത്താണ് നിൽക്കുന്നത് എന്ന് ഭാരതീയ ജ്യോതിഷം പറയുന്നു .
അക്ഷയ തൃതീയ ദിവസം ഒരുപാടു വിശേഷങ്ങൾ നടന്ന ദിവസമാണ് എന്ന് ഭാരതീയ  പുരാണങ്ങൾ പറയുന്നു .മഹാവിഷ്ണുവിന്റെ എട്ടാമത്തെ അവതാരമായ ബലരാമൻ ജനിച്ച ദിവസമായാണ് ഈ ദിനം പൊതുവെ കൊണ്ടാടുന്നത്.എന്നാൽ മറ്റൊരു സങ്കൽപ്പപ്രകാരം പരശുരാമൻ ജനിച്ച ദിവസമാണ് ഇതെന്നും പറയപ്പെടുന്നു.എന്തുതന്നെയായാലും  മാധവമാസം എന്നറിയപെടുന്ന വൈശാഖ മാസം  ഹൈന്ദവ   സങ്കൽപ്പപ്രകാരം വളരെ വിശേഷപെട്ടതാണ് . വാസന്തമാസമെന്നറിയപെടുന്ന  വൈശാഖമാസത്തിലാണ് വിഷ്ണുവിന്റെനാലാമത്തെ അവതാരമായ  നരസിംഹമൂർത്തിയുടെ ജനനം എന്നതും ഈ മാസത്തിൽ വിഷ്ണുപൂജയുടെ പ്രാധാന്യം  വർദ്ധിപ്പിക്കുന്നു .

യുഗങ്ങളിൽ സത്യയുഗം എന്ന പേരിൽ അറിയപ്പെടുന്ന കൃതയുഗം ആരംഭിച്ച ദിനവും പാഞ്ചാലിക്കു ഭഗവാൻ ശ്രീകൃഷ്ണൻ അക്ഷയപാത്രം നൽകിയ ദിനവും വേദവ്യാസൻ മഹാഭാരത കഥ എഴുതിത്തുടങ്ങിയ ദിവസവും ഈ പുണ്യ ദിനം തന്നെയാണ് എന്നുപറയപ്പെടുന്നു .കുചേലൻ കൃഷ്ണനെ കാണാൻ പോയ ദിവസവും ഇതുതന്നെയാണ് എന്നാണ് വിശ്വാസം .ഈ ദിനത്തിൽ ദാനധർമങ്ങൾ നടത്തണമെന്നും പിതൃതർപ്പണം ചെയ്യണമെന്നും  അന്ന് ചെയ്യുന്ന കർമങ്ങൾ എല്ലാം അക്ഷയഫല പ്രധാനമാണ്(നശിക്കാത്തത്) എന്നും വിഷ്ണുധർമ്മസൂത്രത്തിലും നാരദ  പുരാണത്തിലും വിവരിച്ചിട്ടുണ്ട് .
ഏതു കാര്യം തുടങ്ങാനും ഈ ദിവസം ഉത്തമമാണ് എന്ന് പറയപ്പെടുന്നു.
അക്ഷയ തൃതീയ ദിവസം നക്ഷത്രങ്ങളെ അടിസ്ഥാനമാക്കി പ്രത്യേകം മുഹൂർത്തം നോക്കേണ്ട കാര്യമില്ല ഈ ദിവസം മുഴുവൻ ശുഭമാണ് എന്നു ജ്യോതിഷത്തിൽ പറയുന്നുണ്ട്.

ഉത്തരേന്ത്യയിലാണ് അക്ഷയതൃതീയ കൂടുതലായും ആചരിക്കപെടുന്നത് .
അക്ഷയ തൃതീയ എന്നുകേൾക്കുമ്പോൾ തന്നെ ഇപ്പോൾ ആദ്യം മനസ്സിൽ ഓടിയെത്തുക തീർച്ചയായും സ്വർണമായിരിക്കും. എന്നാൽ ഈ ദിവസവും സ്വർണവും തമ്മിൽ യാതൊരു ബന്ധവുമില്ല എന്നതാണ് സത്യം .ആ ദിവസം ദാനധർമങ്ങൾ നടത്തി കിട്ടുന്ന പുണ്യം അക്ഷയമായിരിക്കും എന്നു മാത്രമേപുരാണങ്ങളിൽപറയുന്നുള്ളൂ .പക്ഷെ ഇത് എങ്ങനെയാണ് ഇപ്പൊൾ സ്വർണംവാങ്ങാനുള്ള ദിവസമായി മാറിഎന്നത് ആശ്ചര്യജനകമാണ്  .വിശ്വാസങ്ങളെ വിദഗ്ദ്ധമായി  എങ്ങനെ  ചൂഷണം ചെയ്തുജനങ്ങളെ   വിഡ്ഢികകളാക്കം എന്ന്  ഈ കച്ചവട സംസ്ക്കാരം നമ്മെ പഠിപ്പിക്കുണ്ട് .പക്ഷെ ഒരിക്കലും നമ്മൾ അത്  പഠിക്കുന്നില്ല എന്നതാണ് സത്യം .വർഷാവർഷം അക്ഷയ തൃതീയയക്ക് സ്വർണകടകളിൽ കാണുന്ന  തിരക്ക് തന്നെ ഉദാഹരണം .അടുത്ത പത്തു വർഷം കൊണ്ട്സ്വർണത്തിന്റെ വിൽപ്പന  33%ശതമാനം
വർദ്ധിച്ചേക്കുമെന്നു  പ്രമുഖ ജ്വല്ലറിഉടമകൾ പറഞ്ഞതായി പത്രത്തിൽ വായിച്ചിരിന്നു .
അക്ഷയ തൃതീയ ദിവസം കിട്ടുന്ന സ്വർണം  സവിശേഷതയുള്ളതല്ല എന്നറിയാവുന്ന കേരളത്തിലെ വിദ്യാഭ്യാസ സമ്പന്നരായ ആളുകൾ  തന്നെയാണ് ഇതിന്റെ പിന്നിൽ  പോകുന്നതെന്നറിയുമ്പോഴാണ് ഇതിന്റെ പിന്നിലെ പരസ്യങ്ങൾ മലയാളികളെ എത്രയധികം സ്വാധീനിക്കുന്നത് എന്ന് മനസ്സിലാക്കാൻ പറ്റുക.സ്വർണം വിലകൂടിയ ഒരു ലോഹമാണ് .നിക്ഷേപത്തിന് ഏറ്റവും പറ്റിയ ലോഹമെന്ന നിലയ്ക്ക് അത് വാങ്ങി സൂക്ഷിക്കുന്നത് വളരെയധികം നല്ലതാണ് .പക്ഷെ ഇരട്ടിയാകുമെന്ന് കരുതി അക്ഷയ തൃതീയ ദിവസം സ്വർണം വാങ്ങിച്ചു കൂട്ടാൻ ജനങ്ങൾ കാട്ടുന്ന ഈ പരാക്രമം വിശ്വാസം കടന്നു അന്ധ വിശ്വാസത്തിലേക്ക് തിരിച്ചുപോകുന്നു എന്ന തോന്നലാണ് ഉളവാക്കുന്നത്  .

അക്ഷയതൃതീയ ദിനം ദാനം ,ജപം,ഹോമം ,പിതൃതർപ്പണം എന്നീകർമങ്ങൾ അക്ഷയ ഫല പ്രദമാണ് എന്നു നമ്മളെ പഠിപ്പിച്ച നമ്മുടെ പൂർവ്വികരെ കടത്തി വെട്ടി ഈ ദിനം സ്വർണം വാങ്ങിച്ചു ഇരട്ടിയാക്കാം  എന്നു നമ്മുടെ മനസ്സിൽ കുത്തിവെച്ച ജ്വല്ലറികടക്കാരെ തൊഴുക തന്നെ വേണം അല്ലെങ്കിൽ
തൊഴിക്കുകതന്നെ വേണം  .ആദ്യമായി വിശ്വാസങ്ങളെ അന്ധവിശ്വാസമാക്കി മാറ്റിഇത്രയധികം ഗുണം നേടാം എന്ന് ആദ്യമായി   കണ്ടുപിടിച്ച  ആളെയും  പരസ്യ  തന്ത്രത്തിൽ  നമിക്കേണ്ടിവരും  .എന്തുതന്നെയായാലും കുറെപേർക്ക് ഐശ്വര്യം കിട്ടുന്നുണ്ട്.സ്വർണകടക്കാർക്ക് .അവർക്ക്പണം ഇരട്ടിയാകുന്നുമുണ്ട്.വിശ്വാസങ്ങളെ ചോദ്യം  ചെയ്യാൻ  നമുക്ക്പേടിയാണ് .യാഥാർതഥ്യമല്ലെങ്കിലും ആര്പടച്ചു വിടുന്നതായാലും
നമ്മൾ സ്വീകരിച്ചോളും .സ്വർണകടക്കാരുടെ പരസ്യങ്ങൾപോലെ  916 ക്വാളിറ്റിയോടെതന്നെ മനസ്സിൽ ആ അന്ധവിശ്വാസങ്ങളെ നമ്മൾ പ്രതിഷ്ടിക്കുകയും ചെയ്യും

വാൽകഷണം :അക്ഷയ തൃതീയദിവസം സ്വർണം വാങ്ങിക്കണമെന്ന് പറഞ്ഞ സുഹൃത്തിനോട്‌ നിനക്ക് ഈ ദിവസത്തിന്റെ
പ്രത്യേകതയെകുറിച്ച്എന്തെങ്കിലും അറിയുമോഎന്ന് ചോദിച്ചപ്പോൾ എല്ലാവരും  വാങ്ങുന്നുണ്ട് അത് കൊണ്ട്  ഞാനും  സ്വർണം  വാങ്ങുന്നു എന്ന മറുപടി കിട്ടി . കൂടെ ഒരു  ഉപദേശവും  ഇതൊക്കെ നമ്മുടെ ഒരു വിശ്വാസമല്ലേ .

അതെ വിശ്വാസം അതല്ലേ എല്ലാം.. ‌


No comments:

Post a Comment