Sunday, October 20, 2013

സ്നേഹത്തിന്റെ ചെമ്പക സുഗന്ധം

ഭഗവതിക്കാവിനു മുന്‍പിലെ ചെമ്പക മരത്തിനു ഞാന്‍ കാവലിരിന്നു.പൂരത്തിന് ചെമ്പക പൂക്കള്‍ പറിക്കാന്‍ വരുന്ന മുതിര്‍ന്നവരെയും കുട്ടികളെയും ഞാന്‍ ആട്ടിയോടിച്ചു .പലരും കാമനെ പൂജിക്കാന്‍ ഇടാനുള്ള ചെമ്പക പൂവിനു വേണ്ടി എന്നോട് കെഞ്ചി .മാണിക്യ കല്ല്‌ സൂക്ഷിക്കുന്ന സര്‍പ്പത്തെ പോലെ ഞാന്‍ അവിടെ കാവലിരുന്നു .എല്ലാ പൂരങ്ങള്‍ക്കും കാവില്‍ വേണ്ട പൂക്കള്‍ ആവശ്യത്തിലധികം വന്നിട്ടും ഞാന്‍ ആര്‍ക്കും കൊടുത്തില്ല .സ്വന്തം വീട്ടിലേക്ക് പോലും കൊണ്ടുവന്നില്ല .കാവിലേക്ക് പൂക്കള്‍ പറിക്കാന്‍ ചെമ്പകത്തിനു മുകളില്‍ കയറുമ്പോള്‍ എനിക്ക് തോന്നി ഞാന്‍ ആണ് ഇവിടത്തെ രാജാവെന്ന്.കാവില്‍ ചെമ്പക പൂക്കളമിട്ട് ശങ്ഖു മുഴങ്ങിയാല്‍ മാത്രം ഞാന്‍ വീട്ടില്‍ പോയി .കാവില്‍ പൂക്കളം ഇട്ടുകഴിഞ്ഞാല്‍ പിന്നെ ആരും പൂപറിക്കാന്‍ ശ്രമിക്കില്ല.വര്‍ഷങ്ങളായി ഇത് തുടര്‍ന്നു.ഒരു പൂരത്തിന് ചെമ്പക പൂക്കളുടെ കാവല്‍ക്കാരന് ചുട്ടു പൊള്ളുന്ന പനി.
“ചെക്കന് ചിക്കെന്‍ പോക്സ് ആണ് “
ആരോടോ അമ്മ പറയുന്നത് ഞാന്‍ കേട്ടൂ .
തടവറയില്‍ എന്ന പോലെ ഒരു റൂമില്‍ ഞാന്‍ , ജനലുകളുടെ വിടവിലൂടെ  പ്രകാശം കണ്ണിലേക്ക് തട്ടുമ്പോള്‍  വേദന കൊണ്ട് ഞാന്‍ പുളഞ്ഞു .
ചെമ്പകപൂക്കള്‍ കാണാന്‍ എനിക്ക് കൊതി . കാവിലെ പൂക്കള്‍ ഇപ്പോള്‍ പലരും കൊണ്ടുപോകുന്നുണ്ടാകും ഞാന്‍ ആശങ്കപെട്ടു. എനിക്ക് കരച്ചില്‍ വന്നു .ഞാന്‍ വര്‍ഷാവര്‍ഷം കാത്തു സൂക്ഷിക്കുന്ന എന്റെ നിധി .അത് അന്യര്‍ പറിച്ചു കൊണ്ട് പോകുന്നു .ഞാന്‍ കഷ്ടപെട്ട് എഴുന്നേല്‍ക്കാന്‍ ശ്രമിച്ചു .
“എഴുന്നെല്‍ക്കണ്ട ഞാന്‍ പൂ കൊണ്ടന്നിട്ടുണ്ട്”
എന്നെക്കാള്‍ രണ്ടു വര്‍ഷം  മുന്‍പേ  എന്റെ അമ്മ പെറ്റവള്‍ ഞാന്‍ കിടക്കുന്ന മുറിയിലേക്ക് ചെമ്പക പൂക്കള്‍ നിറച്ച പൂക്കുടയുമായി കടന്നു വന്നു .
അവള്‍ പറഞ്ഞു
“അവിടെ കാവിലെ ചെമ്പകം എല്ലാവരും കൊമ്പ് അടക്കം പൊട്ടിച്ച് കൊണ്ടോയി “
കുറച്ചു നേരം എനിക്കൊന്നും മിണ്ടാന്‍ പറ്റിയില്ല .
എനിക്ക് കഴിക്കാനായി എന്റെ അടുത്ത് വച്ചിരിക്കുന്ന പാലും ബിസ്കറ്റും അവള് കൊതിയോടെ എടുത്തു തിന്നു. എനിക്ക് ചിരി വന്നു . (ഭയങ്കരി, രോഗിയായ അനിയന്റെ പാലും ബിസ്ക്കറ്റും ഒരു ദാക്ഷിണ്യവും ഇല്ലാതെ കൂളായി കാച്ചുന്നു)
ഞാന്‍ പറഞ്ഞു .
“എടി പോത്തെ നീ ഇവിടെ വന്നത് കൊണ്ട് നിനക്ക് പനി പകരും .അമ്മ കാണണ്ട”
“എനിക്ക് പകരില്ല”
അവള്‍ ഉറച്ച ശബ്ദത്തോടെ പറഞ്ഞു .( പിന്നീട് അവള്‍ക്ക് എന്റെ പനിപകര്‍ന്നില്ല .അതൊരു സത്യമാണ്)
“നീയെന്തിനാണ്‌ പൂപറിച്ചത്” ഞാന്‍ ചോദിച്ചു .
ബിസ്കറ്റും പാലും തട്ടിവിടുന്നതിനിടയില്‍ അവള്‍ മുക്കിമൂളി മറുപടി പറഞ്ഞു .
“എല്ലാരും പൂ പറിക്കുന്നുണ്ട് അതോണ്ട് ഞാനും ... “

എനിക്ക് ദേഷ്യവും സങ്കടവും വന്നു .
“നിന്റെ കയ്യിലുള്ളതും കാവിലെ ചെമ്പകത്തീന്നു പൊട്ടിച്ചതാണോ ? “
“അതെ പൊട്ടി വീണ കൊമ്പില്‍ നിന്നും ഞാന്‍ കുറച്ചു പറിച്ചെടുത്തു.”
അവള്‍ പറഞ്ഞു .
“നീയെന്തിനാണ്‌ എടുക്കാന്‍ പോയത് “
ഞാന്‍ ദെഷ്യപ്പെട്ടു .
അവള്‍ പറഞ്ഞു .
“നിനക്ക് ചെമ്പകം ഇഷ്ടല്ലേ .നിന്നെ കാണിക്കാന്‍ ആണ് ഞാന്‍ കൊണ്ടുവന്നത് അല്ലാതെ, നല്ല മണമാണ് . ഞാന്‍ ആ ചെമ്പകം എടുത്തു മണപ്പിച്ചു നോക്കി .
ഹോ എന്തൊരു സുഗന്ധം .ഞാന്‍ അത്ഭുതപെട്ടു.
ഇത്രയും നാള്‍ ഞാന്‍ ഈ ഗന്ധം തിരിച്ചറിഞ്ഞില്ലല്ലോ .
സൂര്യന്റെ കിരണങ്ങള്‍ എന്റെ ദേഹത്തെ ചുട്ടു പൊള്ളിച്ചു .വിറയ്ക്കുന്ന പനിയിലും ഞാന്‍ കാവിലെ ചെമ്പക ചോട്ടിലേക്ക് നടന്നു പോയി .ഏതോ വികൃതി പിള്ളേര്‍ പൊട്ടിച്ച അതിന്റെ കൊമ്പിലെക്ക് ഞാന്‍ നോക്കി .ചെമ്പകം എന്നെ നോക്കി  കരയുന്നുണ്ടായിരുന്നു .വെളുത്ത കണ്ണീര്‍ തുള്ളികള്‍ അതിന്റെ കണ്ണില്‍ നിന്നും ഇറ്റു വീണു .
ഞാന്‍ ചേച്ചിയോട് പറഞ്ഞു .
“ദെ ചെമ്പകം കരയുന്നു “
അവള്‍ ചിരിച്ചു .എന്നിട്ട് പറഞ്ഞു .
“അത് ചെമ്പകത്തിന്റെ പാല് വരുന്നതാണ് പൊട്ടാ.”
അവള്‍ക്ക് ചിരി .
ഞാന്‍ ഭഗവതിയെ നോക്കി .എനിക്ക് ഭഗവതിയോട് ദേഷ്യം തോന്നി .ഞാന്‍ ഭഗവതിയെ  ഒരുപാട് വഴക്ക് പറഞ്ഞു .
“സ്വന്തം മുറ്റത്തെ ചെമ്പകം മരം സൂക്ഷിക്കാന്‍ വയ്യല്ലോ .ഞാന്‍ പനിച്ചു കിടന്നപ്പോ കണ്ടില്ലേ .എല്ലാരും പൂ പറിച്ചു കൊണ്ടോയത്”
ഭഗവതി ചിരിച്ചു . ഒന്ന് പുഞ്ചിരിച്ചു .
ചേച്ചി ഭഗവതി അപ്പോള്‍ ഭദ്രകാളി രൂപത്തില്‍ ആയിരുന്നു .അവള്‍ ദേഷ്യം കൊണ്ട് വിറച്ചു.
“നെന്നേം കൊണ്ട് ഇബിടെ വന്നെന് അമ്മ അറിഞ്ഞാല്‍ എന്നെ ഇന്ന് കൊല്ലും”
അവള്‍ പിറുപിറുത്തു .
വീട്ടിലേക്ക് വരുമ്പോള്‍ ഞാന്‍ അത്ഭുതതോട് കൂടി ചോദിച്ചു .
“എന്നാലും ആ മണം എവിടന്ന് വന്നു .ഇവടെ ചെമ്പക ചോട്ടില് അതില്ലല്ലോ”
“നീ മിണ്ടാണ്ട് നടക്കുന്നുണ്ടോ” അവളുടെ സ്വരം ഉച്ചത്തിലായി .
*****
ഇരുപത് വര്‍ഷങ്ങള്‍ക്ക് ശേഷം ഒരു പൂരക്കാലം..  ചേച്ചിക്ക് ചിക്കന്‍പോക്സ് .ഭര്‍ത്താവിന്റെ വീട്ടില്‍ ഒരു മുറിയില്‍ അവള്‍ കിടക്കുന്നു . ഞാന്‍ കാണാന്‍ ചെന്നു .
ജനലഴികള്‍ക്കുള്ളിലൂടെ ദൂരെ നിന്നും എന്നെ കണ്ട അവള്‍ വിളിച്ചു പറഞ്ഞു .
“എടാ ഇങ്ങോട്ട് വരണ്ട .പകരും”
വല്യ ബുദ്ധിമാന്‍ എന്ന ഭാവത്തില്‍ ഞാന്‍ അവളോട്‌ മറുപടി പറഞ്ഞു .
“ഒരിക്കല്‍ വന്നവര്‍ക്ക് പിന്നെ വരൂല”
എന്റെ മറുപടിയെ അവള്‍ ദൂരേക്ക് അടിച്ചകറ്റി .
“ഇപ്പൊ അങ്ങനെ ഒന്നുമില്ല .ചെലപ്പോ വീണ്ടും വന്നേക്കാം .നിനക്ക് അത്ര വല്യ ആരോഗ്യം ഒന്നുമില്ലല്ലോ”.
അവളുടെ വാക്കുകളെ വില വെക്കാതെ ഞാന്‍ വീട്ടിനുള്ളിലേക്ക് കയറി ചെന്നു .
അവള്‍ സ്നേഹത്തോടെ എന്ന ശാസിച്ചു .
“പോ പിന്നെ വന്നാ മതി .വെര്‍തെ പകരണ്ട”
ശാസനക്കിടയില്‍  ചെമ്പകത്തിന്റെ മണം.
ഞാന്‍ വീട്ടില്‍ നിന്നും ഇറങ്ങി .മുറ്റത്തിന് പുറത്തുള്ള ചെറിയ ചെമ്പക തൈയ്യില്‍ നിന്നും ഒരു പൂ നുള്ളി ഞാന്‍ മണത്തു നോക്കി .അതിനു സുഗന്ധമില്ല .
അവള്‍ പതുക്കെ എന്റെ അടുത്തേക്ക് വന്നു എന്നിട്ട് പറഞ്ഞു .
“നിനക്ക് ചിക്കെന്‍പോക്സ് വന്ന പൂരക്കാലം ഓര്‍മ്മയുണ്ടോ”
ഞാന്‍ പറഞ്ഞു .
“കൊതിച്ചി”
അവള്‍ ചിരിച്ചു .
അപ്പോള്‍ ചെമ്പകത്തിന്റെ മണം അവിടെയാകെ പരന്നു.
എന്റെ കയ്യിലുള്ള പൂവ് ഞാന്‍ ഒന്നുകൂടി മണത്തു .ഞാന്‍ വീണ്ടും വീണ്ടും അത് എടുത്തു മണത്തു നോക്കി .
ഞാന്‍ ചോദിച്ചു .
“ഇത് എങ്ങനെയാ നിന്റെ അടുത്ത് നില്‍ക്കുമ്പോള്‍ ഈ പൂവിനു ഇത്ര സുഗന്ധം”
അവള്‍ ഒന്നും മറുപടി പറഞ്ഞില്ല .ചിരിച്ചു കൊണ്ട് അകത്തേക്ക് കയറിപോയി .
പതുക്കെ വീടിനുള്ളിലേക്ക് കയറിപോകുന്ന അവളെ തന്നെ ഞാന്‍ നോക്കി നിന്നു .
ജനലഴികള്‍ക്കിടയില്‍ നിന്നും അവള്‍ വിളിച്ചു പറഞ്ഞു .
“അന്തം വിട്ടു നോക്കി നില്‍ക്കാണ്ട് വേഗം പോടാ ചെക്കാ ”
ആ ശാസനയില്‍ വീണ്ടും ചെമ്പക സുഗന്ധം .സ്നേഹത്തിന്റെ ചെമ്പക സുഗന്ധം